തിരുവനന്തപുരം: മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ് പദ്ധതിയുടെ ഭാഗമാണിതെന്നും സിപിഎം ആരോപിച്ചു. ഭരണഘടയിലെ 14-ാം വകുപ്പിന്‍റെ നഗ്നമായ ലംഘനമാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം. ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലീങ്ങള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്‌ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി. നിലവില്‍ 11 വര്‍ഷം തുര്‍ടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത് അഞ്ച് വര്‍ഷമായി ചുരിക്കിയിരിക്കുകയാണ്. എന്താണ് ഇതിന്‍റെ അടിസ്ഥാനം എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും സിപിഎം ആരോപിച്ചു.
പൗരത്വ ഭേദഗതി ബില്ല് മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കുമെന്ന് സിപിഎം - citizenship amendment bill
മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്‍റെ പേരിലാണ് ഭേദഗതിയെങ്കില്‍ എന്തുകൊണ്ട് മ്യാന്‍മാറിലെ റോഹിങ്ക്യകള്‍ക്കും, പാകിസ്ഥാനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത് ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരം നൽകണം. ഇതിന് കേന്ദ്ര സർക്കാർ തയാറായിട്ടില്ല. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുത്സിത നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്‌തു.
മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. തൊഴില്ലായ്‌മയും ദാരിദ്ര്യവും പെരുകുകയാണ്. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ നീക്കത്തിനെതിരെ സിപിഎം പ്രത്യക്ഷ സമരം സംഘടിപ്പിക്കും. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഓഫീസുകൾക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്‌തു.