തിരുവനന്തപുരം: സി.എ.ജി രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനവുമായി സിപിഎം. ബിജെപി രാഷ്ട്രീയത്തിൻ്റെ സ്വാധീനത്തിലാണ് സി.എ.ജിയുടെ പ്രവർത്തനമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കിഫ്ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമാണെന്നതടക്കമുളള സിഎജിയുടെ റിപ്പോർട്ട് ഈ രാഷ്ടീയ സ്വാധീനത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
സിഎജി രാഷ്‌ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി സിപിഎം - സിഎജിക്കെതിരെ സിപിഎം
മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢലക്ഷ്യങ്ങളെ രാഷ്‌ട്രീയമായി നേരിടാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സ്വപ്‌ന സുരേഷിൻ്റെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ഗൂഢ ലക്ഷ്യങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നാണ് സിപിഎം തീരുമാനം. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രതിഷേധം ശക്തമാക്കും.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ഉയർത്തി കാട്ടി വികസനം തടസപ്പെടുത്തുന്നു എന്ന പ്രചാരണം ഗുണം ചെയ്‌തുവെന്നും സിപിഎം വിലയിരുത്തി. പ്രതിഷേധം എങ്ങനെ തുടരണം എന്നത് ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കും. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ഉടൻ തന്നെ ഇടതുമുന്നണി യോഗം വിളിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ അടക്കം വികസനം ചർച്ചയാവുന്നത് ഗുണമാകുമെന്നും സിപിഎം കരുതുന്നുണ്ട്. വികസനം ചർച്ചയാക്കുന്നതോടെ സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങൾ പിന്നിലേക്ക് പോകുമെന്ന വിശ്വാസത്തിലാണ് സിപിഎം മുന്നോട്ട് പോകുന്നത്.