തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സർക്കാരിനെതിരെ അടിക്കടി ആരോപണങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും.
കൊച്ചിയില്‍ സിപിഎം ഉന്നത നേതാവ് രണ്ട് കോടിയിലേറെ രൂപ കൈതോല പായയില്‍ കെട്ടി കാറില്‍ കടത്തിയെന്നും മറ്റൊരു വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയുമെന്ന ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗുരുതര സാമ്പത്തിക ആരോപണങ്ങളും യോഗം ചർച്ച ചെയ്യും. എന്നാൽ ആരോപണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പൂർണമായും തള്ളുകയാണ് ഉണ്ടായത്.
മുഖം മിനുക്കുമോ: അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനു മുൻപായി സർക്കാരിന്‍റെ പ്രതിഛായ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭയിൽ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹം ഉന്നത സിപിഎം നേതാക്കൾ പങ്കുവയ്ക്കുന്നു. വിഭാഗീയതക്കെതിരെ പാർട്ടി സ്വീകരിക്കുന്ന നടപടികളും നിലപാടും ഏറെ ഗുണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾക്കെതിരെ ദിനംപ്രതി ഉയരുന്ന വിവാദങ്ങളും ഇന്ന് ചേരുന്ന നേതൃയോഗം ചർച്ച ചെയ്യും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന തലം മുതൽ അച്ചടക്കം ഉറപ്പാക്കിയും പിണറായി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴെ തട്ടുമുതൽ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ പാര്‍ട്ടി മുന്നണി നേരത്തെ തന്നെ നിര്‍ദേശം നൽകിയിരുന്നു.