തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് (30.03.23) തുടക്കമാകും. ഇന്നും നാളെയുമായി എകെജി സെൻററിലാണ് യോഗം ചേരുന്നത്.സംസ്ഥാന സമിതി നാളെ അവസാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിനായാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്.
പ്രതിസന്ധികൾക്കിടയിൽ നടത്തിയ പ്രതിരോധ ജാഥ വലിയ വിജയമായിരുന്നു എന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം വിശദമായി ഇക്കാര്യം പരിശോധിക്കും. എറണാകുളം സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച സംഘടന രേഖയിലെ നിർദേശങ്ങളും ലക്ഷ്യങ്ങളും എത്രത്തോളം നടപ്പായെന്ന അവലോകനവും യോഗത്തിൽ വിലയിരുത്തും.
അണികളുടെ ചോർച്ച തടയുക, പ്രാദേശിക കൂട്ടായ്‌മകളില്‍ പാർട്ടി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, ജനകീയ പ്രശ്‌നങ്ങളുടെ ഇടപെടൽ രീതി, ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം എന്നിവയാണ് സംസ്ഥാന സമ്മേളനം നിർദേശിച്ചത്. ഇക്കാര്യങ്ങളിൽ പ്രാദേശിക തലത്തിൽ തന്നെ പരിശോധന വേണമെന്ന് ആയിരുന്നു നിർദേശം. ഇക്കാര്യത്തിൽ ഉണ്ടായ പുരോഗതിയാണ് സംസ്ഥാന സമിതി വിശദമായി പരിശോധിക്കുന്നത്.
രാഹുലും സുരേന്ദ്രനും ചർച്ചയാകും: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് തുടർന്നുള്ള രാഷ്ട്രീയ സമരങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കേന്ദ്രസർക്കാരിന്‍റെ നടപടിയിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ഏത് രീതിയിൽ തുടരണം എന്നതാണ് സംസ്ഥാന സമിതി പരിശോധിക്കുന്നത്.