തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ഇന്നലെ മുതൽ ആരംഭിച്ച സിപിഎം സംസ്ഥാന സമിതിയിൽ പ്രധാനമായി ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള പ്രചരണ പരിപാടികൾക്ക് സംസ്ഥാന സമിതി രൂപം നൽകി.
ഇതിന്‍റെ ഭാഗമായി അടുത്തമാസം മന്ത്രിമാരും മുതിർന്ന നേതാക്കളും അടക്കം പൊതുജനങ്ങളുടെ ഭവനം സന്ദർശിക്കും. സർക്കാരിന്‍റെ നേട്ടങ്ങളടങ്ങുന്ന ലഘുരേഖയുമായാണ് ഭവന സന്ദർശനം. ജനുവരി ഒന്നു മുതൽ 21 വരെയാകും പ്രചരണ പരിപാടി നടക്കുക. ഇന്ന് തുടരുന്ന സംസ്ഥാന സമിതിയും നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും പ്രചരണത്തിന്‍റെ മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കും.
ബഫർസോൺ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പ് എന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇത് പൊതുജനത്തിൽ വ്യക്തമാക്കണമെന്ന് സിപിഎം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം സമവായത്തിൽ എത്തിച്ചത് സംസ്ഥാന സർക്കാരിനെ സംസ്ഥാന സമിതി യോഗം അഭിനന്ദിച്ചു.
ഇന്ന് ട്രേഡ് യൂണിയൻ രേഖ സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതാണ് രേഖ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയാണ് ചർച്ച നടത്തുക.
Also read:ബഫർസോൺ: രാഷ്‌ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം, ജനകീയ കൺവൻഷൻ വിളിക്കും