തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചർച്ച ചെയ്യാൻ വിവാദങ്ങൾ ഏറെയുണ്ടെങ്കിലും യോഗത്തിലെ പ്രധാന അജണ്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരിക്കും. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്യും. സംസ്ഥാന സമിതി എകെജി സെന്‍ററിൽ ചേരാനാണ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യോഗം ഓൺലൈനിലേക്ക് മാറ്റി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സർക്കാരിനെതിരെ ഉയർന്നുവന്ന വിവാദങ്ങളും സമിതി യോഗത്തിൽ ചർച്ചയാകും. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് സിപിഎം ഉള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി എങ്ങനെ വേണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി തീരുമാനിക്കും. വിഷയത്തെ രാഷ്ട്രീയമായി നേരിടാനാകും തീരുമാനം.
സിപിഎം സംസ്ഥാന സമിതിയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചർച്ചയാകും - jaleel issue
സംസ്ഥാന സമിതി എകെജി സെന്‍ററിൽ ചേരാനാണ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യോഗം ഓൺലൈനിലേക്ക് മാറ്റി.

സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയവയുടെ പേരിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ആരോപണങ്ങളും പ്രതിഷേധസമരങ്ങളും രാഷ്ട്രീയപരമായി ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം നീക്കം. സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും പൂർണ പിന്തുണയാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. എൻഐഎയുടെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌റേറ്റിന്‍റെയും ചോദ്യം ചെയ്യൽ സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്‍റെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ വയ്ക്കും. കെ.ടി ജലീൽ നേരിട്ടെത്തി കോടിയേരിയെ കഴിഞ്ഞ ദിവസം എകെജി സെന്‍ററിൽ കണ്ടിരുന്നു.
ബാർ കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുതന്നെയാണ് സമരം ചെയ്തതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ പരാമർശത്തിൽ സിപിഎം നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്. ഇക്കാര്യം സംസ്ഥാനസമിതി യോഗത്തിൽ ചർച്ചയാക്കും. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി സഹകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സഹകരിച്ചു കൊണ്ട് മുന്നോട്ടു പോകാം എന്ന നിർദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതിക്ക് മുന്നിൽ വയ്ക്കുക. ഇത് അംഗീകരിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മന്ത്രി ഇ.പി ജയരാജന്‍റെയും മകനെതിരെ ഉയർന്ന വിവാദങ്ങൾ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യാൻ സാധ്യതയില്ല. കാർഷിക ബില്ലിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭ പരിപാടികളും സിപിഎം നേതൃയോഗം ചർച്ച ചെയ്യും. തുടർഭരണം എന്ന ലക്ഷ്യവുമായി നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്ന സർക്കാരിനെതിരെ തുടരെ തുടരെ വിവാദങ്ങൾ ഉയർന്നതിൽ സംസ്ഥാന സമിതിയുടെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് സംസ്ഥാനസമിതി യോഗത്തിൽ ഉന്നയിച്ചേക്കാം.