തിരുവനന്തപുരം:പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ധനവകുപ്പ് തീരുമാനത്തില്‍ സിപിഎമ്മില്‍ അതൃപ്‌തി. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. തീരുമാനത്തെ പരസ്യമായി തള്ളി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ ഇന്ന് (നവംബര്‍ മൂന്ന്) രംഗത്തെത്തി.
കൈമലര്‍ത്തി 'പാര്‍ട്ടിയും'; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ധനവകുപ്പ് ഉത്തരവിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടിക്ക് ഒന്നുമറിയില്ല: പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കുമെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം. ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാര്‍ട്ടിക്ക് അറിയില്ല. ആലോചനയില്ലാതെ തീരുമാനമെടുത്തതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ നേര്‍ക്കാണ് വിമര്‍ശനമെത്തുന്നത്.
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ 60 ആക്കിയാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതിനെതിരെ യുവജന സംഘടനകള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയോടെ തൊട്ടടുത്ത മന്ത്രിസഭ യോഗം ഇത് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ഉത്തരവ് മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദ്ദേശിച്ചത്.
ഇടത് മുന്നണിയിലും ഇത് സംബന്ധിച്ച് മുന്നണിയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. എന്നാല്‍ തീരുമാനങ്ങളെടുത്തത് മന്ത്രിസഭയുടെ തീരുമാനമായിരുന്നെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. നാളെ ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാകും.