തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ സമൂഹത്തോട് അടുക്കാന്‍ നടത്തുന്ന ബിജെപി ശ്രമങ്ങളെ കരുതലോടെ നേരിടാന്‍ സിപിഎം തീരുമാനം. ക്രൈസ്‌തവ മേലധ്യക്ഷന്‍മാരെയോ വിശ്വാസികളേയോ പ്രകോപിപ്പിക്കാതെ ബിജെപിയുടെ സമീപനങ്ങളെ തുറന്നു കാട്ടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ ഉണ്ടായതു പോലെ മതമേലധ്യക്ഷന്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.
ഇന്ത്യയിലെ മറ്റിടങ്ങളില്‍ ക്രൈസ്‌തവര്‍ക്കും ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ബിജെപി നേതാക്കളുടെ മുന്‍കാല പ്രസ്‌താവനകളും ഉയര്‍ത്തിയാകും ഈ വിഷയത്തില്‍ പ്രചരണം നടത്തുക. ഇതിന്‍റെ ഭാഗമാണ് ആര്‍എസ്എസിന്‍റെ വിചാരധാരയിലെ ക്രൈസ്‌തവര്‍ക്കെതിരെയുളള പരാമര്‍ശങ്ങള്‍ ചര്‍ച്ചയാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. റബറിന് താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്നൊരു എംപിയെ തരാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന വന്നപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്തു നിന്നും രൂക്ഷമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ബിഷപ്പിന്‍റെ അഭിപ്രായം ക്രൈസ്‌തവരുടെ പൊതുനിലപാടല്ലെന്ന് പറഞ്ഞ് ലളിതവത്കരിക്കാനാണ് ശ്രമമുണ്ടായത്. റബര്‍ കര്‍ഷകരുടെ സംഗമം അടക്കം നടത്തി ക്രൈസ്‌തവര്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനുള്ള ശ്രമം സിപിഎം നടത്തുന്നതിനിടയിലാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. ഈസ്‌റ്റര്‍ ദിനത്തില്‍ ബിഷപ്പുമാരുടെ അരമനകളില്‍ സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ക്ക് വലിയ രീതിയിലുള്ള വരവേല്‍പ്പാണ് ലഭിച്ചത്.
വിഷുദിനത്തില്‍ ക്രൈസ്‌തവരെ ഉള്‍പെടുത്താന്‍ ബിജെപി: ഇതുകൂടാതെ വിഷുദിനത്തില്‍ ക്രൈസ്‌തവരെ കൂടിയുള്‍പെടുത്തിയുള്ള ആഘോഷങ്ങള്‍ക്കാണ് ബിജെപി തയാറെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ഇത് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കപരിഹാരത്തിനായി കൊണ്ടുവരുന്ന ചര്‍ച്ച് ബില്‍ കൂടിയെത്തുമ്പോള്‍ ഒരു വിഭാഗം സര്‍ക്കാറിന് എതിരാകും എന്ന് ഉറപ്പാണ്.