തിരുവനന്തപുരം: സെപ്റ്റംബര്‍ മാസം മുതല്‍ വിവിധ തലങ്ങളിലെ സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് സി.പി.എം. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ദീര്‍ഘമായ സമ്മേളന കലണ്ടറാണ് സി.പി.എമ്മിനുള്ളത്. നിയമസഭ തെരഞ്ഞെടുപ്പും കൊവിഡും കണക്കിലെടുത്ത് മാറ്റി വച്ച സമ്മേളനങ്ങള്‍ക്കാണ് തുടക്കമാകുക.
ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ അവസാനവാരം ആരംഭിച്ച് ലോക്കല്‍, ഏരിയ, ജില്ല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനം ജനുവരിയില്‍ നടത്താനാണ് ആലോചന. കൊവിഡ് വ്യാപനം അനസരിച്ചാകും സമ്മേളനങ്ങള്‍ നടക്കുക. രോഗവ്യാപനം വര്‍ധിച്ച സ്ഥലങ്ങളില്‍ ഓണ്‍ലൈനായി സമ്മേളനം ചേരാനാണ് ആലോചന.
പ്രതിനിധികളുടെ എണ്ണം കുറയ്ക്കും
സംസ്ഥാന സമിതിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഓഗസ്റ്റ് 16, 17 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രതിനിധികളുടെ എണ്ണം കുറച്ച് സമ്മേളനം പൂര്‍ത്തിയാക്കാനാണ് സി.പി.എം നീക്കം. പരമാവധി 15 അംഗങ്ങള്‍ മാത്രമാണ് സി.പി.എമ്മിന്‍റെ ബ്രാഞ്ച് കമ്മറ്റികളില്‍ ഉണ്ടാവുക.