തിരുവനന്തപുരം: ഇസ്രയേൽ വംശഹത്യക്കെതിരെ ഞായറാഴ്‌ച (ഒക്‌ടോബര്‍ 29) സിപിഎം സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു (State wide solidarity meeting of CPM). എല്ലാ ഘടകങ്ങളും ഐക്യദാർഢ്യ സദസ്സ് നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
വിഷയത്തിൽ യുഎൻ ജനറൽ അസംബ്ലിയിൽ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടു നിന്നതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ സത്യഗ്രഹം നടത്തുന്നുണ്ട്. നാളെ രാവിലെ 11 മണിക്കാണ് സത്യഗ്രഹം. ഇതോടൊപ്പമാണ് സംസ്ഥാന വ്യാപകമായി എല്ലാ ഘടകങ്ങളോടും പലസ്‌തീൻ ഐക്യദാർഢ്യ (Palestine Solidarity) സദസ്സ് സംഘടിപ്പിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തത്.
ഗാസക്കെതിരായി കര വഴിയുള്ള കടന്നു കയറ്റം ഇസ്രായേൽ ആരംഭിച്ചു. അയ്യായിരത്തിലധികം ജനങ്ങൾ ഇതിനോടകം ഇസ്രയേലിന്‍റെ പട നീക്കത്തിൽ മരിച്ച് വീണു. അതിശക്തമായ ബോംബിങാണ് നടക്കുന്നത്. ആശുപത്രികളും, ദേവാലയങ്ങളും, വിദ്യാലയങ്ങളും തകർക്കപ്പെട്ടു. എല്ലാവിധ അഭയ കേന്ദ്രങ്ങളും നശിച്ചു. ഗാസയെ ഇസ്രയേലിനോട് ചേർക്കാനുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. നാട് കടത്തിയും കൊലപ്പെടുത്തിയും ഗാസ പ്രദേശത്തെ ഇടിച്ച് നിരപാക്കുകയും ചെയ്യുന്നു. പലസ്‌തീനികളുടെ ജന്മനാടെന്ന അവകാശത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
സാമ്രാജ്യത്ത പിന്തുണയുള്ള ഇത്തരം നീക്കങ്ങളെ ഇന്ത്യ രാജ്യം എല്ലാ കാലത്തും പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര നിലപാട് പോലും ഉപേക്ഷിച്ചിരുന്നു. യു എനിലും പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സാമ്രാജ്യത്ത നിലപാടുകൾക്ക് ഇന്ത്യ ഇപ്പോൾ കൂട്ട് പിടിക്കുകയാണ്. അമേരിക്കയോടും ഇസ്രയേലിനോടും ചേർന്ന് ഇന്ത്യ മുന്നോട്ട് പോകുന്നു. ശക്തമായ പ്രതിഷേധം ഈ നിലപാടിനെതിരെ ഉയരണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു.