കേരളം

kerala

By

Published : Nov 1, 2019, 5:35 PM IST

ETV Bharat / state

മാവോയിസ്റ്റ് വധം; പാര്‍ട്ടിയോഗത്തിൽ ന്യായീകരിച്ച് പിണറായി വിജയൻ

മാവോയിസ്റ്റുകൾ ആദ്യം വെടിവച്ചുവെന്നാണ് സിപിഎം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി. എതിര്‍ അഭിപ്രായങ്ങളില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി

maoist hunt

തിരുവനന്തപുരം: പാലക്കാട് അഞ്ചക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്ന് വാദം മുഖ്യമന്ത്രി ആവർത്തിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ അഭിപ്രായങ്ങളില്‍ കാര്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ശേഷം സിപിഎം ഔദ്യോഗിക നിലപാട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സിപിഐ എതിര്‍ സ്വരം പരസ്യമായി ഉയര്‍ത്തുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. എന്നാൽ വിഷയത്തിൽ യോഗം വിശദമായ ചര്‍ച്ച നടത്തിയില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യമില്ലാതിരുന്നതിനാലാണ് യോഗം വിശദമായ ചർച്ച നടത്താതിരുന്നത്.

അതേസമയം, സിപിഎമ്മിനുള്ളില്‍ തന്നെ മാവോയിസറ്റ് വേട്ടയില്‍ എതിര്‍ അഭിപ്രായം നിലനിൽക്കുന്നുണ്ട്. പൊലീസിന്‍റെ വാദങ്ങളെ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. മാവോയിസ്റ്റുകള്‍ വെടിവെച്ചുവെന്ന പൊലീസ് വാദത്തിന് ആവശ്യമായ തെളിവുകളില്ല. എന്നാല്‍ ക്ലോസ് റെയ്‌ഞ്ചില്‍ വെടിവെക്കാനാണ് സാധ്യത കൂടുതലെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മുന്നണിക്കുള്ളില്‍ എതിര്‍ അഭിപ്രായം ഉയരുന്നതുപോലെ സിപിഎമ്മിനുള്ളില്‍ നിന്നു മാവോയിസ്റ്റ് വേട്ടയില്‍ എതിര്‍ അഭിപ്രായങ്ങളുണ്ട്. അടുത്ത നേതൃയോഗങ്ങളില്‍ മവോയിസ്റ്റ് വേട്ട വിശദമായി സിപിഎം ചര്‍ച്ചചെയ്യും.

ABOUT THE AUTHOR

...view details