തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിപിഎമ്മിനുള്ളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്നത് കോടിയേരി ബാലകൃഷ്‌ണന്‍ എന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരന്‍റെ അഭാവം. സിപിഎമ്മിലെ ഏറ്റവും വലിയ വിഭാഗീയ പ്രശ്‌നങ്ങള്‍ നടന്ന പിണറായി - വിഎസ് പോരാട്ടത്തിന് ശേഷം കാര്യമായ പ്രശ്‌നങ്ങളില്ലാതെ സിപിഎമ്മിനെ മുന്നോട്ടുകൊണ്ടുപോയതിന് പിന്നില്‍ കോടിയേരിയുടെ പങ്ക് ചെറുതല്ല. പിണറായിക്ക് പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ എല്ലാവരേയും ഒരുമിപ്പിക്കുന്ന കണ്ണിയായിരുന്നു കോടിയേരി.
അലയടിക്കുന്നത് കോടിയേരിയുടെ കുറവ് :കണ്ണൂരില്‍ നിന്നുളള നേതാക്കളടക്കം പലപ്പോഴും പാര്‍ട്ടിയുമായി ഇടഞ്ഞപ്പോള്‍ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തിയതിന് പിന്നില്‍ കോടിയേരിയുടെ ഇടപെടലുകളായിരുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ എതിരില്ലാത്ത വാക്കായി നിലനിന്നതിന് പിന്നില്‍ കോടിയേരിയുടെ മികവുകൂടിയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയത്, ആദ്യ പിണറായി മന്ത്രിസഭയിലുള്ളവരെ ഒഴിവാക്കി രണ്ടാം മന്ത്രിസഭ രൂപീകരിച്ചത് എന്നിവ എതിര്‍ സ്വരം ഇല്ലാതെ നടപ്പാക്കിയതിന് പിന്നിലെ സ്വാധീന ശക്തി കോടിയേരി തന്നെയായിരുന്നു. ഈ ഇരുത്തം വന്ന രാഷ്ട്രീയക്കാരന്‍റെ കുറവാണ് ഇപ്പോള്‍ സിപിഎമ്മില്‍ അലയടിക്കുന്നത്.
കോടിയേരി മാറി എംവി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയപ്പോള്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുന്ന കോടിയേരി ശൈലി നഷ്‌ടമായി. പകരം കാര്‍ക്കശ്യക്കാരനായ സെക്രട്ടറിയായി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ എംവി ഗോവിന്ദനേക്കാള്‍ സീനിയറായ ഇപി ജയരാജന്‍ സെക്രട്ടറിയുടെ നേതൃത്വം അംഗീകരിക്കാതെ പാര്‍ട്ടിയുമായി നിസഹകരണത്തിന്‍റെ പാതയിലായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായ പി ജയരാജന്‍, ഇപിക്കെതിരെ ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിക്കുന്നത്.
മുന്‍പ് പരാതി നല്‍കാതെ പി ജയരാജന്‍ :ഇത് ആദ്യമായല്ല പി ജയരാജന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. കോടിയേരി ബാലകൃഷ്‌ണന്‍ കൂടി പങ്കെടുത്ത കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്‍ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ആവശ്യപ്പട്ടതുപോലെ പരാതിയായി എഴുതി നല്‍കാന്‍ കോടിയേരി ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ആ സംഭവം വാര്‍ത്തയായില്ല. ജയരാജന്‍ പരാതി എഴുതി നല്‍കിയുമില്ല. ഇതാണ് വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ പരിഹരിക്കുന്നതില്‍ കോടിയേരിയുടെ രീതി. കോടിയേരിയെന്ന രാഷ്ട്രീയ നേതാവിന്‍റെ വിയോഗം സിപിഎമ്മിന് എത്രത്തോളം വലിയ നഷ്‌ടമെന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ തെളിയിക്കുന്നത്.