തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.എം നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും. കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ ദിനം ആചരിക്കാൻ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി 10 ലക്ഷത്തിലധികം പേരെ പ്രതിഷേധത്തിന്‍റെ ഭാഗമാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. പൂര്‍ണമായും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും പ്രതിഷേധം. രാവിലെ 11 മണി മുതല്‍ 12 മണി വരെയാണ് പ്രതിഷേധം.
കേന്ദ്ര നയങ്ങള്‍ക്കെതിരെ സി.പി.എമ്മിന്‍റെ രാജ്യവ്യാപക പ്രതിഷേധം നാളെ - cpm national wide protest
കേരളത്തില്‍ രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി 10 ലക്ഷത്തിലധികം പേരെ പ്രതിഷേധത്തിന്‍റെ ഭാഗമാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം.
ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നല്‍കുക, ഒരാള്‍ക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് വേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, പൊതുമേഖലയിലെ സ്വകാര്യവല്‍ക്കരണം തടയുക, തൊഴില്‍നിയമങ്ങള്‍ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, എസ്.രാമചന്ദ്രന്‍ പിളള എന്നിവര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധത്തില്‍ പങ്കാളിയാകും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷധത്തില്‍ പങ്കാളിയാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും സ്വന്തം ജില്ലകളില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് തീരുമാനം. സാമൂഹിക അകലം പാലിച്ച് ബ്രാഞ്ച് തലം മുതല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.