കേരളം

kerala

പിണറായി 2.0: ഭരണത്തുടർച്ചയ്ക്ക് പുതിയ മുഖം, അറിയാം 11 മന്ത്രിമാരെ..

By

Published : May 18, 2021, 8:17 PM IST

Updated : May 18, 2021, 8:43 PM IST

പി രാജീവ്, കെഎൻ ബാലഗോപാൽ, പിഎ മുഹമ്മദ് റിയാസ്, ആർ. ബിന്ദു തുടങ്ങിയവർ ആദ്യമായാണ് എംഎൽഎ ആകുന്നത്.

cpm ministers  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  രണ്ടാം പിണറായി സർക്കാർ  എം വി ഗോവിന്ദൻ മന്ത്രി  pinarayi government  pinarayi 2.0  സിപിഎം മന്ത്രിമാർ
മുഖ്യമന്ത്രിയൊഴികെ 11 മന്ത്രിമാരും പുതുമുഖങ്ങള്‍

തിരുവനന്തപുരം:സി.പി.എമ്മിലെ പതിനൊന്ന് പുതുമുഖങ്ങളാണ് രണ്ടാം പിണറായി സർക്കാരിലുളളത്. ഇവരാണ് സിപിഎം മന്ത്രിമാർ.

എം.വി.ഗോവിന്ദന്‍ (67)


തളിപ്പറമ്പില്‍ നിന്നുള്ള നിയമസഭാംഗം. ഇത് മൂന്നാം തവണയാണ് നിയമസഭാംഗമാകുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. കെഎസ്എഫിന്‍റെ പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയുമായിരുന്നു. കെഎസ്‌വൈഎഫ് രൂപീകരിച്ചപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

എം.വി.ഗോവിന്ദന്‍

അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ കൊടിയ പൊലീസ് മര്‍ദ്ദനത്തിനിരയായി. നാല് മാസം ജയിലിലുമായി. നേരത്തെ പത്തുവര്‍ഷം എംഎല്‍എയായിരുന്നു. തളിപ്പറമ്പ് പരിയാരം ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായിക അധ്യാപകനായിരിക്കേ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. 1986ല്‍ മോസ്‌കോ ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ പരേതരായ കെ കുഞ്ഞമ്പുവിന്‍റെയും എംവി മാധവിയമ്മയുടെയും മകനാണ്. ഭാര്യ പി.കെ.ശ്യാമള സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമാണ്.

കെ. രാധാകൃഷ്ണന്‍ (57)

ചേലക്കരയില്‍ നിന്നുള്ള നിയമസഭാംഗമായ രാധാകൃഷ്ണന്‍ സി.പി.എമ്മിന്‍റെ ദലിത് മുഖങ്ങളില്‍ പ്രമുഖനാണ്. രണ്ടാംതവണയാണ് മന്ത്രിയാവുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്ന് അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. 1996-ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നു വിജയിച്ച് അന്ന് മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2001 പ്രതിപക്ഷത്തിന്‍റെ ചീഫ് വിപ്പായി.

കെ.രാധാകൃഷ്ണന്‍

2006ല്‍ നിയമസഭാ സ്പീക്കറായി. 2011ല്‍ വീണ്ടും ചേലക്കരയില്‍ നിന്നും വിജയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ മല്‍സരിച്ചില്ല. സംഘടനരംഗത്ത് സജീവമായ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണനെ ദലിത് ശോഷന്‍ മുക്തി മഞ്ചിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റായും തെരഞ്ഞെടുത്തു. എസ്.എഫ്.ഐയിലൂടെ പൊതു രംഗത്തെത്തി.

പി. രാജീവ് (54)

കളമശേരിയില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭാംഗം. രാജ്യസഭാംഗമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ദിനപത്രത്തിന്‍റെ ചീഫ് എഡിറ്ററുമാണ്. 2015 മുതല്‍ 2018 വരെ സിപിഎം എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന രാജീവ് എസ്എഫ്ഐ എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. വിദ്യാര്‍ഥി നേതാവായിരിക്കെ കൂത്തുപറമ്പ് വെടിവെയ്പ് ദിവസം എറണാകുളത്ത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി.

പി.രാജീവ്

2009 മുതല്‍ 2015 വരെ രാജ്യസഭാംഗവും അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനും പാനല്‍ ഓഫ് ചെയര്‍മാനുമായിരുന്നു. സിപിഎം പാര്‍ലമെന്‍ററി പാർട്ടി ഡെപ്യൂട്ടി ലീഡര്‍, രാജ്യസഭയില്‍ സിപിഎം ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു. സ്വദേശം തൃശൂര്‍ ജില്ലയിലെ മേലഡൂര്‍. ദീര്‍ഘകാലമായി കളമശേരിയില്‍ സ്ഥിരതാമസം. റവന്യൂ ഇന്‍സ്പെക്ടറായിരുന്ന പി വാസുദേവന്‍റെയും രാധയുടെയും മകന്‍. ഭാര്യ: വാണി കേസരി ( പ്രൊഫസര്‍, കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്). മക്കള്‍: ഹൃദ്യ, ഹരിത.

കെ.എന്‍. ബാലഗോപാല്‍ (56)

കൊട്ടാരക്കരയില്‍ നിന്ന് ആദ്യമായി നിയസഭയിലേക്ക് വിജയിച്ച ബാലഗോപാല്‍ രാജ്യസഭാംഗമായിരുന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. പുനലൂര്‍ എസ്എന്‍ കോളജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററ്റായാണ് വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂര്‍ എസ്എന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ പുനലൂര്‍ ഏരിയ പ്രസിഡന്‍റ്, തിരുവനന്തപുരം എം.ജി കോളജ് യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്‍റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചു.

കെ.എന്‍.ബാലഗോപാല്‍

പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകന്‍. എം.കോം, എല്‍എല്‍എം ബിരുദധാരി. ഭാര്യ: കോളജ് അധ്യാപികയായ ആശാ പ്രഭാകരന്‍. മക്കള്‍: വിദ്യാര്‍ഥികളായ കല്യാണി, ശ്രീഹരി.


വി.എന്‍. വാസവന്‍ (66)

നിയമസഭയില്‍ രണ്ടാമൂഴം. ഇക്കുറി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് 14,303 വോട്ടുകള്‍ക്ക് വിജയിച്ചു. ആറുവര്‍ഷമായി സി.പി എം കോട്ടയം ജില്ലാ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു ജില്ലാപ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കോഫീഹൗസ് എംപ്ലോയീസ് യൂണിയന്‍ സ്ഥാപക പ്രസിഡന്‍റ് അടക്കം നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്.

വി.എന്‍.വാസവന്‍

കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. റബ്കോ സ്ഥാപക ഡയറക്ടര്‍, ചെയര്‍മാന്‍, കോട്ടയം ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, പാമ്പാടി ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റ്, പാമ്പാടി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗം, പാമ്പാടി പഞ്ചായത്തംഗം എന്നീ നിലകളിലും വൈവിധ്യമാര്‍ന്ന കര്‍മരംഗങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്‍റ്, ടികെ സ്മാരക പഠനകേന്ദ്രം രക്ഷാധികാരി, കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്‍റ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എന്നീ പദവികളും വഹിക്കുന്നു. ഭാര്യ ഗീത പാമ്പാടി സെന്‍റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപിക. കോട്ടയം പാമ്പാടി സ്വദേശിയാണ്.


സജി ചെറിയാന്‍ (55)

ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് രണ്ടാമൂഴം. 2018 ല്‍ കെകെ രാമചന്ദ്രന്‍ നായരുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ചെങ്ങന്നൂരില്‍ ആദ്യജയം നേടി. എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി.

സജി ചെറിയാന്‍

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്‍റ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സജി നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എംബിബിഎസ് വിദ്യാര്‍ഥിനി). മരുമക്കള്‍: അലന്‍, ജസ്റ്റിന്‍.

വി. ശിവന്‍കുട്ടി (69)

ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ശക്‌തമായ ത്രികോണ മത്സരത്തിലൂടെ അട്ടിമറി വിജയം നേടി ശ്രദ്ധേയനായി. ഇത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്നു. ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്, തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചു. 2011ല്‍ നേമത്തെയും, 2006ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തെയും പ്രതിനിധീകരിച്ചു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.

വി.ശിവൻകുട്ടി

സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്. തിരുവനന്തപുരം സുഭാഷ് നഗറില്‍ മുളക്കല്‍വീട്ടിലാണ് താമസം. സി.പി.എം സൈദ്ധാന്തികനായ പി ഗോവിന്ദപിള്ളയുടെ മകളും പിഎസ്‌സി അംഗവുമായ ആര്‍ പാര്‍വതിദേവി ഭാര്യ. മകന്‍: ഗോവിന്ദ് ശിവന്‍.

ആര്‍.ബിന്ദു (53)

എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘന്‍റെ ഭാര്യയായ ബിന്ദു ഇരിങ്ങാലക്കുടയില്‍ നിന്ന് കന്നിയങ്കത്തില്‍ ജയം. തൃശൂരിന്‍റെ പ്രഥമ മേയറായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റി അംഗവുമാണ്. തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്നു. എസ്എഫ്‌ഐയിലൂടെ പൊതു രംഗത്തെത്തിയ ബിന്ദു കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവും സെനറ്റംഗവും അംഗമായിരുന്നു.

ആര്‍.ബിന്ദു

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജ്, കലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഇംഗ്ലീഷ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടു കൂടി ബിരുദാനന്തരബിരുദം, എംഫില്‍, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. മകന്‍ വി ഹരികൃഷ്ണണന്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.


വീണ ജോര്‍ജ് (45)

മാധ്യമ പ്രവര്‍ത്തകയായിരിക്കെ അപ്രതീക്ഷിതമായി ആറന്‍മുളയില്‍ ഇടതു സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ് ഇത് രണ്ടാം തവണയാണ് ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. മനോരമ ന്യൂസ്, ഇന്ത്യാവിഷന്‍ ചാനലുകളില്‍ മുതിർന്ന പദവികൾ കൈകാര്യം ചെയ്തു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

വീണാ ജോര്‍ജ്

മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ അവതാരകയുമാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ഫിസിക്സിനും, ബിഎഡിനും റാങ്ക് ജേതാവായി. യുഎഇ ഗ്രീന്‍ ചോയിസ് തുടങ്ങി നിരവധി മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചു.

പി.എ. മുഹമ്മദ് റിയാസ് (44)

ബേപ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ്. 2009ല്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ അപ്രതീകഷിതമായി സി.പി.എം സ്ഥാനാര്‍ഥിയാകുന്നതോടെയാണ് പി.എ.മുഹമ്മദ് റിയാസിനെ രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു തുടങ്ങുന്നത്. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ ബിരുദവും നേടി.

പി.എ. മുഹമ്മദ് റിയാസ്

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. പൊലീസ് കമ്മിഷണറായി വിരമിച്ച പി എം അബ്ദുല്‍ ഖാദറിന്‍റെയും കെ എം ആയിശാബിയുടെയും മകനാണ്. ഭാര്യ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ.

വി.അബ്‌ദു റഹ്മാന്‍ (61)

മുസ്ലിംലീഗിന്‍റെ കുത്തക മണ്ഡലമായിരുന്ന താനൂരില്‍ നിന്ന് 985 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണ വി അബ്ദുറഹ്മാന്‍ നിയമസഭയിലെത്തിയത്. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ അബ്ദു റഹ്മാന്‍ കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെഎസ്‌യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഐഎന്‍ടിയുസി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കെപിസിസി അംഗം, തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു.

വി.അബ്‌ദു റഹ്മാന്‍

2016ല്‍ ലീഗിലെ സിറ്റിങ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തറപറ്റിച്ച് സിപിഎം സ്വതന്ത്രനായി താനൂരില്‍ നിന്നും നിയമസഭയിലെത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഉമൈത്താനകത്ത് കുഞ്ഞിഖാദര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയും ആക്ട് തിരൂരിന്‍റെ പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും നേതിയില്‍ ഖദീജയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: റിസ്വാന ഷെറിന്‍, അമന്‍ സംഗീത്, നഹല നവല്‍.

Last Updated : May 18, 2021, 8:43 PM IST

ABOUT THE AUTHOR

...view details