തിരുവനന്തപുരം: സിപിഎമ്മിന്‍റെയും യുവജന സംഘടനകളുടേയും നേതൃനിരയിലെ സൗമ്യനായ നേതാവായിരുന്നു പി.ബിജു. ഒപ്പം പ്രവർത്തിച്ചവരിൽ പലരും പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് കടന്നപ്പോഴും എന്നും സംഘടനാ നേതൃത്വത്തിൽ തന്നെയായിരുന്നു ബിജു.
സി.പി.എമ്മിന് നഷ്ടമായത് സൗമ്യനായ യുവനേതാവിനെ - പി. ബിജു
സിപിഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായ പി. ബിജു ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
![സി.പി.എമ്മിന് നഷ്ടമായത് സൗമ്യനായ യുവനേതാവിനെ biju profile The CPM has lost a gentle young leader P.Biju DYFI സി.പി.എമ്മിന് നഷ്ടമായത് സൗമ്യനായ യുവനേതാവിനെ യുവജനക്ഷേമബോർഡ് വൈസ് ചെയർമാന്‍ പി. ബിജു പി. ബിജു ഡിവൈഎഫ്ഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9427837-289-9427837-1604483283442.jpg)
വിദ്യാർഥിയായിരുന്നപ്പോൾ മുതൽ തുടങ്ങിയ എസ്എഫ്ഐ പ്രവർത്തനം ചെന്നെത്തിയത് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. ഇടപെടുന്നവരോട് സൗമ്യനായിരുന്നുവെങ്കിലും സമരമുഖങ്ങളിൽ എന്നും പോരാളി തന്നെയായിരുന്നു പി ബിജു. ആർട്സ് കോളജിലെ വിദ്യാഭ്യാസ കാലഘട്ടം മുതൽ എസ്.എഫ് ഐയുടെയും ഡിവൈഎഫ്ഐയുടെയും സമരങ്ങളുടെ മുഖമുദ്രയായിരുന്നു ബിജു. ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷറർ ആയും പ്രവർത്തിച്ചു. നിരവധി തവണ പാർലമെന്‍ററി രംഗത്തേക്ക് കടന്നുവരാൻ പാർട്ടി അവസരം നൽകിയെങ്കിലും അത് നിരസിച്ച് സംഘടന പ്രവർത്തനത്തിൽ തുടരുന്നതിലായിരുന്നു ബിജുവിന് താല്പര്യം. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കൂടിയാണ്.
പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായി ബിജുവിനെ നിയമിച്ചത്. ദീർഘവീക്ഷണത്തോടെയുള്ള പരിപാടികൾ നടപ്പിലാക്കി അവിടെയും ബിജു കഴിവ് തെളിയിച്ചു. വൈസ് ചെയർമാൻ എന്ന നിലയിലുള്ള തിരക്കിട്ട പ്രവർത്തനത്തിനിടയിൽ ആണ് ബിജുവിന് കൊവിഡ് ബാധിച്ചത്. ആരോഗ്യനില ഗുരുതരമായപ്പോഴും വെൻറിലേറ്ററില്‍ പ്രവേശിപ്പിച്ചപ്പോഴും തങ്ങളുടെ ബിജു കരുത്തനായി തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും.