തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. ഇന്നും നാളെയും (ജൂലൈ 6, 7 ചൊവ്വ, ബുധൻ) സംസ്ഥാന സെക്രട്ടേറിയറ്റും വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാനസമിതി യോഗവുമാണ് ചേരുന്നത്. മണ്ഡലം തിരിച്ചുള്ള വിലയിരുത്തലുകള്‍ ജില്ലാകമ്മറ്റികള്‍ നടത്തിയിരുന്നു.
വോട്ട് ചോര്‍ച്ച ചര്‍ച്ച ചെയ്യും
വോട്ട് ചോര്‍ച്ച സംബന്ധിച്ച് ജില്ല കമ്മറ്റികളുടെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. ചില മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയും ചര്‍ച്ചയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും.
വിശദമായ പരിശോധനയാണ് സിപിഎം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുണ്ടായ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കും. വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
വീഴ്‌ചകൾ പരിശോധിക്കും
ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജി.സുധാകരനെതിരെ ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ഉള്‍പ്പെടുത്തിയാണ് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. നേതൃയോഗം ഇക്കാര്യം പരിശോധിക്കും.
കുറ്റ്യാടി മണ്ഡലം കേരളകോണ്‍ഗ്രസ് എമ്മിന് നല്‍കിയപ്പോഴുണ്ടായ പരസ്യ പ്രതിഷേധത്തിലും പാര്‍ട്ടി നടപടിയുണ്ടാകും. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ജി.സ്റ്റീഫനെ പരാജപ്പെടുത്താന്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വി.കെ.മധു ശ്രമിച്ചുവെന്ന പരാതിയില്‍ ജില്ലാകമ്മറ്റി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.
also read:കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു
ഈ സമിതിയുടെ റിപ്പോര്‍ട്ടും പരിഗണിക്കും. തൃപ്പുണ്ണിത്തുറ, കുണ്ടറ മണ്ഡലങ്ങളിലെ പരാജയം സിപിഎം പ്രത്യേകം പരിശോധിക്കും. ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് വ്യാപകമായി മറിച്ചതായി സിപിഎം വിലയിരുത്തിയിരുന്നു. ഇത് എത്രത്തോളം ആഴത്തിൽ നടന്നുവെന്നും നേതൃയോഗം പരിശോധിക്കും. ഇതുകൂടാതെ സിപിഎം പ്രതികൂട്ടില്‍ നില്‍ക്കുന്ന സ്വര്‍ണ്ണകടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച വിവാദവും ചര്‍ച്ചയാകും.