തിരുവനന്തപുരം: മദ്യലഹരിയിൽ തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർഎസ് രതീഷാണ് പൊലീസുകാർക്ക് നേരെ ഭീഷണി മുഴക്കിയത്. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.
ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ ഡി വൈ എഫ് ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്‌ണൻ മർദിക്കുകയായിരുന്നു. തുടർന്ന്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്‌ണനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ എസ് രതീഷും ഏതാനും പാർട്ടി പ്രവർത്തകരും പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രതീഷ് പൊലീസുകാർക്ക് നേരെ ഭീഷണി മുഴക്കുകയും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന്, പ്രവർത്തകരെ പൊലീസ് പിരിച്ചുവിടുകയും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്‌ണനെതിരെ കേസെടുക്കാതെ വിട്ടയക്കുകയും ചെയ്‌തു. മർദനമേറ്റ കടക്കാരൻ ഉണ്ണികൃഷ്‌ണനെതിരെ പരാതി നൽകാത്തതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന്‍റെ പേരിൽ ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർഎസ് രതീഷിനും നേതാക്കൾക്കുമെതിരെ പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. തുടർന്ന്, ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രതീഷും പ്രവർത്തകരും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും പൊലീസിനെ അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും ആക്ഷേപമുണ്ട്.