തിരുവനന്തപുരം : മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തനിക്ക് ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാന്‍. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞു.
താൻ പാർട്ടി കമ്മിറ്റികളുടെ തിരക്കിലായിരുന്നു. നിഖിൽ തെറ്റ് ചെയ്തെന്നാണല്ലോ വ്യക്തമായതെന്നും ബാബുജാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ താൻ നിഖിൽ തോമസിന് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം നിഖിൽ തോമസിന്‍റെ അഡ്‌മിഷന് വേണ്ടി ബാബുജാൻ ഇടപെട്ടുവെന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കൂടി വിഷയത്തിൽ പ്രതിരോധ കൂട്ടിലാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ മുഴുവൻ ഉത്തരവാദിത്തവും കോളജ് പ്രിൻസിപ്പാളിനാണെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഏതെങ്കിലും ഒരു കുട്ടി ക്രമക്കേട് കാട്ടി അത് കണ്ടെത്തിയാൽ പ്രിൻസിപ്പാൾ അകത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആര് തെറ്റ് ചെയ്‌താലും സർവകലാശാല അത് പിടിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇത് സർവകലാശാലയുടെ താക്കീതാണെന്നും വി.സി വ്യക്തമാക്കിയിരുന്നു.
ഇനി മുതൽ നടക്കുന്ന എല്ലാ അഡ്‌മിഷനുകളും പ്രിൻസിപ്പാൾ കൃത്യമായി പരിശോധിക്കണമെന്നും വി.സി നിർദേശം നൽകി. നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എംഎസ്എം കോളജ് പ്രിൻസിപ്പാളിനോട് ഇന്ന് വൈകിട്ട് വിശദീകരണം നൽകാൻ വി.സി ആവശ്യപ്പെട്ടിട്ടുണ്ട്.