തിരുവനന്തപുരം :യു.ഡി.എഫിനെ തോൽപ്പിക്കാൻ ഏത് വർഗീയ രാക്ഷസന്മാരുമായും കൂട്ടുകൂടാൻ സി.പി.എമ്മിന് മടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരണം പിടിക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അല്ലാതെ അവിശ്വാസം കൊണ്ടുവന്ന് ഭരണസ്തംഭനം വരുത്തുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല.
സ്വന്തം പ്രവർത്തകനെ കൊന്നവരുമായാണ് സി.പി.എം നീക്കുപോക്ക് ഉണ്ടാക്കുന്നത്. പാലാ ബിഷപ്സ് ഹൗസിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവരുമായാണ് സി.പി.എമ്മിന്റെ കൂട്ടുകെട്ട്. വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഹകരണത്തെ വർഗീയതയെന്ന് വിളിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല.