തിരുവനന്തപുരം: എന്‍ഡിഎ സഖ്യത്തോടൊപ്പം ചേര്‍ന്നിട്ടും ഇടതു മന്ത്രിസഭയില്‍ അതേ നിലയില്‍ തുടരാനനുവദിച്ചതിന്‍റെ പേരിലെ പഴി കേള്‍ക്കല്‍ തുടരുന്നതിനിടെ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അഖിലേന്ത്യാ അധ്യക്ഷനുമായ എച്ചഡി ദേവഗൗഡ പെടുത്തിയ ചക്ര വ്യൂഹത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുഴങ്ങുകയാണ് സംസ്ഥാന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും (CPM In Dilema On Deve gowda Statement). ദേവഗൗഡയുടെ പ്രസ്‌താവനയെ അസംബന്ധം എന്ന് പത്രക്കുറിപ്പിലൂടെ വിശേഷിപ്പിച്ച് പിണറായി രംഗത്തു വന്നെങ്കിലും സിപിഎം- ബിജെപി കൂട്ടുകെട്ടാരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നതോടെ സിപിഎം തീർത്തും പ്രതിരോധത്തിലായി. സിപിഎമ്മിനെ രക്ഷിക്കാന്‍ സാക്ഷാല്‍ ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റിനെ സിപിഎം രംഗത്തിറക്കിയെങ്കിലും തീര്‍ത്തും ദുര്‍ബ്ബല വാദങ്ങളുയര്‍ത്താനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
ബിജെപിയുമായി കൂട്ടുകൂടാന്‍ ജെഡിഎസ് അഖിലേന്ത്യാ നേതൃത്വം തീരുമാനമെടുത്ത് ഒരു മാസത്തോളമായിട്ടും ജെഡിഎസ് ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുറത്തു വരുന്നതിനു പകരം ബിജെപിയോടു ചേരാന്‍ തീരുമാനിച്ച അഖിലേന്ത്യ പ്രസിഡന്‍റിനൊപ്പം അതേ പാര്‍ട്ടിയില്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം എന്തിനു തുടരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്‍ഡിഎ സഖ്യത്തിലേക്കു പോയ ഒരു കക്ഷിയുടെ സംസ്ഥാന ഘടകത്തിന്‍റെ പ്രതിനിധിയെ പുറത്താക്കുന്നതിനു പകരം അവരെ എന്തിനു മന്ത്രിസഭയില്‍ നിലനിര്‍ത്തി എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സിപിഎമ്മും പരുങ്ങുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് നടുകിന് ക്ഷതമേറ്റമാതിരി എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവന രംഗത്തു വരുന്നത്.
തന്‍റെ പാര്‍ട്ടി തകരാതിരിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു എന്ന് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, കേരള മന്ത്രിസഭയിലെ തന്‍റെ പാര്‍ട്ടി പ്രതിനിധിയും ഇക്കാര്യം സമ്മതിച്ചു എന്നായിരുന്നു ദേവഗൗഡയുടെ ഹൃദയം തുളയ്ക്കുന്ന പ്രസ്‌താവന. നേരത്തേ തന്നെ ജെഡിഎസിലൂടെ സിപിഎം ബിജെപിയിലേക്ക് പാലമിടുന്നു എന്നാരോപിച്ച് കോണ്‍ഗ്രസും യുഡിഎഫും രംഗത്ത് വന്നിരുന്നു.
തങ്ങള്‍ പറഞ്ഞ കാര്യത്തിന് ഇതിലും വലിയ തെളിവു വേണോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് ഘടകക്ഷി നേതാക്കളും കെ. സുധാകരനും രംഗത്തു വന്നതോടെ സിപിഎം തീര്‍ത്തും പ്രതിരോധത്തിലായി. സിപിഎം ഇന്ത്യാ സഖ്യത്തില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തതു പോലും ഇതുകൊണ്ടാണെന്ന് വിഡി സതീശന്‍ ആരോപിച്ചതോടെ സിപിഎം തീര്‍ത്തും സംശയമുനയിലായി. കേസുകളില്‍ അകത്താകുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ബിജെപിക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതെന്ന വിമര്‍ശനം കെ.സുധാകരനും ഉന്നയിച്ചു. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സിപിഎമ്മും ബിജെപിക്കുമിടയില്‍ നിലനില്‍ക്കുന്ന രഹസ്യ ബാന്ധവം അവസാനം മറ നീക്കി പുറത്തു വന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.