തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭവന സന്ദർശനവുമായി സിപിഎം. ഞായറാഴ്ച മുതൽ ഈമാസം 31 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിക്കാനാണ് തീരുമാനം. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്‍റെ ഭവന സന്ദർശനത്തിന് നാളെ തുടക്കം
ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു
27ന് ചേരുന്ന ഇടതു മുന്നണി യോഗത്തിൽ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് രൂപം നൽകും. എല്ലാ വിഭാഗം ജനങ്ങളുടേയും പൊതു പുരോഗതിക്ക് വേണ്ടിയുള്ള നയമാണ് പാർട്ടി സ്വീകരിക്കുന്നത്. ബിജെപിയും കോൺഗ്രസും പൂർണമായും സമ്പന്ന അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. തുടർഭരണം ഉറപ്പാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി അണിനിരക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, രണ്ട് ടേം പൂർത്തിയാക്കിയവർ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മരണം വരെ അല്ലെങ്കിൽ തോറ്റ് മടങ്ങും വരെ മത്സരിക്കുന്ന കോൺഗ്രസ് രീതി സിപിഎമ്മിന് ഉണ്ടാകില്ലെന്നായിരുന്നു വിജയരാഘവന്‍റെ മറുപടി. മന്ത്രിസഭയിൽ പ്രാതിനിധ്യം കൽപ്പിക്കപ്പെടുന്ന അംഗത്തിന് ഇളവ് അനുവദിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടും സംസ്ഥാന സെക്രട്ടറി മറച്ചുവച്ചില്ല. മുന്നണി മാറ്റം സംബന്ധിച്ച കാര്യം പൊതുവിഷയമായി എൻസിപി ഇതുവരെ ഉയർത്തിയിട്ടില്ല. മുഖ്യമന്ത്രിയുമായി നല്ല നിലയിലാണ് നേതാക്കൾ ചർച്ച നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു.