തിരുവനന്തപുരം :എസ്എഫ്ഐ നിരന്തരം വിവാദത്തില്‍ ഉള്‍പ്പെടുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്‌തി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലാണ് സംസ്ഥാന നേതൃത്വത്തിന് അതൃപ്‌തിയുള്ളത്. നേരത്തെ തന്നെ എസ്‌എഫ്‌ഐ നേതൃത്വത്തിന് ഇത്തരം വിവാദങ്ങള്‍ക്ക് ഇട നല്‍കരുതെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഓരോ ദിവസവും പുറത്തു വരുന്ന വിവാദങ്ങള്‍ എസ്‌എഫ്‌ഐയേയും അതിലൂടെ സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുകയാണ്. ഈയൊരു സാഹചര്യം തുടരാന്‍ കഴിയില്ലെന്ന നിര്‍ദേശമാണ് നേതൃത്വം നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങൾ കര്‍ശനമായി നിരീക്ഷിക്കാന്‍ ജില്ല ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. സംഘടനയിൽ തെറ്റായ പ്രവണതകള്‍ വലിയ രീതിയില്‍ കടന്നു കൂടിയിട്ടുണ്ടെന്നും അതിനാല്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നുമാണ് നിര്‍ദേശം.
നേരത്തെ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരീക്ഷയെഴുതാതെ പാസായെന്ന ആരോപണവും മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച് താത്‌കാലിക അധ്യാപികയുടെ ജോലി നേടിയെന്ന വിവാദവും ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി ചര്‍ച്ച ചെയ്‌തിരുന്നു. പ്രത്യക്ഷമായി എസ്എഫ്‌ഐ നേതൃത്വത്തെ പിന്തുണയ്ക്കുമ്പോഴും തെറ്റ് തിരുത്തണമെന്ന സന്ദേശം തന്നെയാണ് സിപിഎം നല്‍കുന്നത്. കൃത്യമായ തെറ്റ് തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ നേതൃമാറ്റം അടക്കം പരിഗണിക്കുമെന്നാണ് സിപിഎം നിലപാട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് മുതല്‍ ആരോപണങ്ങള്‍ നിരവധി;എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സമാനതകളില്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയർന്നുവരുന്നത്. അതില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം പ്രവേശനം, താത്‌കാലിക ജോലി എന്നിവ നേടിയെന്ന ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനം വരെയുണ്ട്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്‍റെ പേര് കോളജ് പ്രിന്‍സിപ്പല്‍ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചതാണ് സമീപ ഭാവിയില്‍ ആദ്യ പുറത്തു വന്നത്.