തിരുവനന്തപുരം :ലോകായുക്ത നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാന്‍ സിപിഎം തീരുമാനം. ഓര്‍ഡിനന്‍സിലെ തുടര്‍ നടപടികള്‍ക്ക് ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കാമെന്നും ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഓര്‍ഡിനന്‍സിനെതിരെ പരസ്യ വിമര്‍ശമുന്നയിച്ച സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായത്. ഇതിനായി സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും.
സിപിഐ നിര്‍വാഹക സമിതിയില്‍ അടക്കം ഓര്‍ഡിനന്‍സ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഓര്‍ഡിനന്‍സിനെ മന്ത്രിസഭാ യോഗത്തില്‍ എതിര്‍ക്കാത്തതിന്‍റെ പേരില്‍ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
ALSO READ:'ലോകായുക്ത വിധി യുക്തി ഭദ്രമല്ല'; ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചെന്നിത്തല
എന്നാല്‍ ഈ എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. നിലവില്‍ പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ട. ഭരണഘടനാ വിരുദ്ധമെന്ന എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സിപിഎം നിര്‍ദേശം നല്‍കുകയും ചെയ്‌തു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യമുണ്ടെങ്കില്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാമെന്ന നിര്‍ദേശം സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവർണറുടെ തീരുമാനത്തിന് ശേഷം നിലപാട് എടുക്കാമെന്ന നിര്‍ദേശമാണ് സെക്രട്ടറിയേറ്റിന്‍റേത്. ലോകായുക്തയ്‌ക്കെതിരെ കെ.ടി ജലീല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല. ജലീലിന്‍റെ വിമര്‍ശനങ്ങളെ അദ്ദേഹത്തിന്‍റെ മാത്രം വിമര്‍ശനമായി നിലനിര്‍ത്താനാണ് സിപിഎം തീരുമാനം.