തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. തുടര്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്‌ചയുണ്ടായി. പൊലീസിന്‍റെ ഭാഗത്ത് നിന്നും നിരന്തരം മോശം പെരുമാറ്റം ഉണ്ടായിട്ടും നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
മന്ത്രിമാരുടെ ഓഫിസുകള്‍ ജനങ്ങളില്‍ നിന്ന് അകലുകയാണ്. മന്ത്രിമാരുടെ ഓഫിസുകളുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.
ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനത്തേയും പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫിസും പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. ഭരണത്തില്‍ പാര്‍ട്ടി ഇടപെടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു.