തിരുവനന്തപുരം: ബ്രഹ്മപുരം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജനങ്ങളിൽ എത്താതിരിക്കാനാണ് നിയമസഭയിൽ പ്രതിപക്ഷം സംഘർഷാവസ്ഥ സൃഷ്‌ടിച്ചതെന്ന് സിപിഎം. ബ്രഹ്മപുരത്ത് അതീവ ജാഗ്രതയോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അവിടെ മാലിന്യം കുന്നുകൂട്ടി ഈ അവസ്ഥയിൽ എത്തിച്ച പ്രതിപക്ഷമാണ് ഇപ്പോൾ സർക്കാരിനെ പഴിചാരുന്നതെന്നും സിപിഎം ആരോപിച്ചു. ഇതൊന്നും ചർച്ചയാവാതിരിക്കാനാണ് സംഘർഷം ഉണ്ടാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.
നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കുന്നതും അനുവദിക്കാതിരിക്കുന്നതും സ്‌പീക്കറുടെ വിവേചനാധികാരമാണ്. ഇതിന്‍റെ പേരിൽ വാക്ക് ഔട്ട് അടക്കമുള്ള പ്രതിഷേധങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇന്ന് നിയമസഭയിലുണ്ടായത് ബോധപൂർവമായ അക്രമം സൃഷ്‌ടിക്കലാണെന്നും നിയമസഭയെ ചോരക്കളമാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം കുറ്റപ്പെടുത്തി.
വാച്ച് ആൻഡ് വാർഡിനെ പോലും ആക്രമിച്ചു: സ്‌പീക്കറുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്ന നടപടിയുണ്ടായി. ഈ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് സ്‌പീക്കറുടെ സംരക്ഷണത്തിനായി എത്തിയത്. എന്നാൽ വാച്ച് ആൻഡ് വാർഡിനെ പോലും ആക്രമിക്കുകയാണ് പ്രതിപക്ഷം ചെയ്‌തതെന്നും ഏഴോളം വാച്ച് ആന്‍ഡ് വാർഡിന് പരിക്കേറ്റിട്ടുണ്ടെന്നും സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു. അഡീഷണൽ ചീഫ് മാർഷലിന്‍റെ നെഞ്ചത്തും കഴുത്തിലും ചവിട്ടുകയുണ്ടായെന്നും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം പറഞ്ഞ് പ്രമേയം അവതരിപ്പിക്കാൻ വന്നവർ അഞ്ച് വനിത വാച്ച് ആന്‍ഡ് വാർഡിനെയാണ് ആക്രമിച്ചതെന്നും സിപിഎം വിമര്‍ശിച്ചു. ഈ അക്രമാസക്തമായ സമരത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സഭയിലെന്താണ് സംഭവിച്ചത്:അതേസമയം ചരിത്രത്തില്‍ ആദ്യമായി സ്‌പീക്കറുടെ ഓഫിസിനു മുന്നിൽ ഇന്ന് ഭരണ പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാർഡുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ മർദിച്ചതായും സംഘർഷത്തില്‍ കെ.കെ രമ, ടിവി ഇബ്രാഹിം, എ.കെ.എം അഷറഫ്, എം.വിൻസെന്‍റ് എന്നിവർക്കും പരിക്കേറ്റതായും പരാതിയും ഉയര്‍ന്നിരുന്നു. മാത്രമല്ല വാച്ച് ആൻഡ് വാർഡിന്‍റെ മർദനമേറ്റതായി പരാതി ഉയർത്തിയ സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
എന്താണ് പ്രശ്‌നങ്ങള്‍ക്ക് കാരണം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയത്. ഇതിനിടെ പ്രതിപക്ഷാംഗങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന് നേരെ വാച്ച് ആൻഡ് വാർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പാഞ്ഞടുത്തുവെന്നും ഉദ്യോഗസ്ഥൻ തന്നെ മർദിച്ചുവെന്നും തിരുവഞ്ചൂർ ആരോപിച്ചതോടെയാണ് മിനിട്ടുകളോളം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും ഏറ്റുമുട്ടിയത്. എന്നാല്‍ ഇതിനിടെ സഭ നടപടികൾ വേഗത്തിലാക്കി ചേമ്പറിൽ നിന്ന് ഓഫിസിലേക്കു വന്ന സ്‌പീക്കർക്ക് ഭരണപക്ഷം സംരക്ഷണമൊരുക്കിയതോടെ ഏറ്റുമുട്ടല്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലാവുകയായിരുന്നു.
ബ്രഹ്മപുരം ശാന്തം?:അതേസമയം കോർപ്പറേഷന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഇക്കഴിഞ്ഞ മാർച്ച് രണ്ടിന് വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടാകുന്നത്. തുടര്‍ന്ന് പന്ത്രണ്ടാം നാളായ ഇന്നലെ വൈകുന്നരത്തോടെയാണ് മാലിന്യ പ്ലാന്‍റിലെ തീയും പുകയും പുർണമായും അണച്ചത്. ഇതിന്‍റെ ഭാഗമായി രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫിസർ കെഎൻ സതീഷിനെ തോളിലേറ്റി അഗ്നി രക്ഷ സേന ഉദ്യോഗസ്ഥർ നൃത്തം ചെയ്‌തും ആരവം മുഴക്കുകയും ചെയ്‌തിരുന്നു. കേരള അഗ്നി രക്ഷസേന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായതും ദൈർഘ്യമേറിയതുമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ബ്രഹ്മപുരത്ത് നിലവിലും നിരീക്ഷണം തുടരുകയാണ്.