തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കാൻ സിപിഎം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച വിശദമായി പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ബിജെപിക്ക് ഈ മേഖലകളിൽ ഉണ്ടായ മുന്നേറ്റം സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും ചില കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച അപകട സൂചനയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തുന്നത്. ഈ മേഖലകളിൽ ആവശ്യമായ തിരുത്തൽ വരുത്തണമെന്നും സെക്രട്ടറിയേറ്റിൽ തീരുമാനമായി. ഇക്കാര്യം നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും. ആറ്റിങ്ങൽ, വർക്കല, പന്തളം , കൊല്ലം ജില്ലയിലെ പരമ്പരാഗത മേഖലകൾ എന്നിവിടങ്ങളിലെ തിരിച്ചടിയാണ് സിപിഎം വിശദമായി പരിശോധിക്കുന്നത്.