കേരളം

kerala

ETV Bharat / state

'ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപവും ആകാം'; പോരാട്ടങ്ങള്‍ മറന്ന് നിലപാട് മാറ്റവുമായി സിപിഎം - ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യ നിക്ഷേപം സിപിഎം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രത്തില്‍, കൃത്യമായ അടയാളം രേഖപ്പെടുത്തിയ രാഷ്‌ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഇങ്ങനെയുള്ള ഒരു പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ തന്നെ നിലപാടില്‍ യുടേണ്‍ അടിക്കുന്ന സാഹചര്യം അത്‌ഭുതാവഹമാണ്

cpm changes stance on foreign investment  foreign investment in higher education kerala  foreign investment in higher education kerala  ഉന്നത വിദ്യാഭ്യാസ മേഖല  ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യ നിക്ഷേപം സിപിഎം  നിലപാട് മാറ്റവുമായി സിപിഎം  സിപിഎം
പോരാട്ടങ്ങള്‍ മറന്ന് നിലപാട് മാറ്റവുമായി സിപിഎം

By

Published : Jan 14, 2023, 5:59 PM IST

തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം എന്ന തീരുമാനത്തിനെതിരെ സിപിഎമ്മും അതിന്‍റെ വിദ്യാര്‍ഥി യുവജന സംഘടനകളും എല്ലാ കാലത്തും നടത്തിയിരുന്നത് വമ്പന്‍ പ്രക്ഷോഭങ്ങളായിരുന്നു. കൂത്തുപറമ്പ് വെടിവയ്‌പ്പ് വരെയെത്തിയ സമരപരമ്പരകളാണ് ഈ വിഷയത്തില്‍ നടന്നത്. സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തന്നെ സമരമുഖത്തായിരുന്നു ഇടതുസംഘടനകള്‍. എന്നാല്‍, ഇന്ന് ആറ് വര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ ഈ വിഷയത്തില്‍ സിപിഎം വലിയൊരു നിലപാട് മാറ്റമാണ് വരുത്തിയിരിക്കുന്നത്.

നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഎം :ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപവും കടന്ന്, വിദേശ നിക്ഷേപം ആകാം എന്ന തീരുമാനത്തിലാണ് സിപിഎം എത്തിനില്‍ക്കുന്നത്. വിദേശ നിക്ഷേപത്തില്‍ അനുകൂലമാണെങ്കിലും വിദേശ സര്‍വകലാശാല വേണ്ടെന്ന നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ വികസന നയരേഖയിലാണ് പഴയകാല പോരാട്ടങ്ങളെല്ലാം മറന്ന് സിപിഎം നിലപാട് മാറ്റം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയാണ് ഈ നിലപാട് മാറ്റമെന്നാണ് സിപിഎം പറയുന്ന ന്യായം. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ തന്നെ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്.

സിപിഎം തയ്യാറാക്കിയ വികസന നയരേഖയ്ക്ക് ഇന്നലെ (ജനുവരി 13) ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയെങ്കിലും എതിരഭിപ്രായങ്ങള്‍ സജീവമായി തന്നെ ഉയര്‍ന്നിരുന്നു. ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ രൂക്ഷമായ വിമര്‍ശനം ഇക്കാര്യത്തില്‍ ഉയര്‍ത്തി. വിദേശ നിക്ഷേപമെത്തുമ്പോള്‍ അതിനുപിന്നില്‍ കാണാച്ചരടുകള്‍ ഉണ്ടാകുമെന്നാണ് സിപിഐ ഉയര്‍ത്തിയ വിമര്‍ശനം. ഇത്തരത്തിലുളള വമ്പന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ സാമൂഹ്യ നീതി നടപ്പിലാകുമോ എന്നതിലെ സംശയവും സിപിഐ ഉന്നയിച്ചു. സമാന വിമര്‍ശനം ജനതാദളും ഉന്നയിച്ചിട്ടുണ്ട്.

വിയോജിച്ച് എഐഎസ്എഫ്, മിണ്ടാട്ടമില്ലാതെ എസ്‌എഫ്‌ഐ :വിഷയത്തില്‍ ആശങ്ക വേണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് നല്‍കിയത്. വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല. വരും വരായ്‌കകള്‍ ആലോചിച്ച് മാത്രമേ നിക്ഷേപത്തില്‍ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. ഇതിനുശേഷമാണ് മുന്നണി തീരുമാനമെന്ന തരത്തില്‍ ഈ വിഷയം ഇടത് കണ്‍വീനര്‍ ഇപി ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് എതിര്‍പ്പുമായി രംഗത്തെത്തി. വിദ്യാഭ്യാസ കച്ചവടത്തിന് സഹായകരമാകുന്ന തീരുമാനമാണ് ഇതെന്നായിരുന്നു എഐഎസ്എഫിന്‍റെ നിലപാട്.

സിപിഎം വിദ്യര്‍ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഎം തീരുമാനമായതിനാല്‍ എസ്എഫ്‌ഐയില്‍ നിന്നും മറിച്ചൊരു തീരുമാനമോ പ്രതിഷേധമോ ഉണ്ടാകാന്‍ സാധ്യതയില്ല. അന്നത്തെ നിലപാടുകള്‍ അന്നത്തെ ശരിയെന്നായിരുന്നു ഇപി ജയരാജന്‍ പഴയ പ്രതിഷേധങ്ങളെക്കുറിച്ച് പറഞ്ഞത്. സംഘടനാതലത്തില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങള്‍ ഒഴിവാക്കിയെങ്കില്‍ പൊതുജന മധ്യത്തില്‍ ഇക്കാര്യങ്ങളില്‍ വിശദീകരിക്കാന്‍ സിപിഎം ഏറെ ശ്രമിക്കേണ്ടി വരും. പ്രത്യേകിച്ച് രക്തസാക്ഷി കുടുംബങ്ങളേയും അവരുമായി ചേര്‍ന്നുനില്‍ക്കുന്നവരേയും ഈ തീരുമാനത്തിന്‍റെ ഒപ്പം നിര്‍ത്താന്‍ വലിയ രീതിയില്‍ സിപിഎമ്മിന് ബുദ്ധിമുട്ടേണ്ടി വരും.

പ്രതിരോധത്തിലാവും സിപിഎം :സിപിഎമ്മിന്‍റെ ഈ നിലപാട് മാറ്റത്തെ പ്രതിപക്ഷവും ആയുധമാക്കുമെന്നുറപ്പാണ്. കമ്പ്യൂട്ടറിനെ എതിര്‍ത്തതും ട്രാക്‌ടര്‍ ഉപയോഗത്തിനെതിരെ സമരം ചെയ്‌തതും വച്ച് സിപിഎമ്മിനെ പരിഹസിക്കുന്ന പ്രതിപക്ഷം ഈ നിലപാട് മാറ്റവും പ്രചരണ വിഷയമാക്കും. വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുകഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലെത്തിയ എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസന്‍റെ കരണത്തടിച്ചതുമെല്ലാം ഉന്നയിച്ചാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുന്നത്. കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴത്തെ തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ പണിയെടുക്കേണ്ടി വരുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details