തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേതാവിനെതിരെ സിപിഎം (CPM) നടപടി. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ആഴ്‌ച ചേർന്ന വഞ്ചിയൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഡിവൈഎഫ്ഐ പ്രവർത്തകന്‍ വിഷ്‌ണു രക്തസാക്ഷി ഫണ്ടിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ല സെക്രട്ടറി വി ജോയ് ആണ് പരാതി അന്വേഷിക്കുന്നത്. 2008-ൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകനായ വഞ്ചിയൂർ വിഷ്‌ണുവിന്‍റെ കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കാനും നൽകിയ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ തട്ടിയെന്നാണ് പരാതി.
രവീന്ദ്രൻ നായരുടെ അക്കൗണ്ടിലായിരുന്നു അന്ന് പണം ശേഖരിച്ചത്. 11 ലക്ഷം രൂപയാണ് വിഷ്‌ണുവിന്‍റെ കുടുംബത്തിന് നൽകിയത്. ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരിലാണ് സൂക്ഷിച്ചത്.
ഇങ്ങനെ സൂക്ഷിച്ച ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് ലോക്കൽ കമ്മിറ്റിയുടെ കണ്ടെത്തൽ. ലോക്കൽ കമ്മിറ്റിയാണ് ക്രമക്കേട് ഏരിയ കമ്മിറ്റിയെ അറിയിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല.
എന്നാൽ, സിപിഎം നേതാവിന്‍റെ പേരിൽ ഉയർന്ന ആരോപണം പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. എസ്എഫ്ഐ നേതാക്കളുടെ പേരിൽ ഉയർന്ന വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ കെട്ടടങ്ങും മുൻപുതന്നെ സിപിഎം നേതാവിന്‍റെ പേരിൽ ഉയർന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പാർട്ടിയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.
ആസിഡ് ആക്രമണം, അന്വേഷണത്തിന് സിപിഐ ജില്ല നേതൃത്വം:മാറനല്ലൂര്‍ ആസിഡ് ആക്രമണം (Maranalloor Acid Attack) അന്വേഷിക്കാന്‍ സിപിഐ (CPI). സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 23-നായിരുന്നു സിപിഐ മാറനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എ ആര്‍ സുധീര്‍ഖാന് നേരെ മാറനല്ലൂര്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാര്‍ ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മധുരയിലെ ഒരു ലോഡ്‌ജ് മുറിയില്‍ നിന്നും ആത്മഹത്യ ചെയ്‌ത നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കാലങ്ങളായി ഒരുമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന ഇരുവരും അയല്‍വാസികള്‍ കൂടിയായിരുന്നു. മരണത്തിന് മുന്‍പ് സജികുമാര്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തില്‍ കണ്ടല സര്‍വീസ് സഹകണ ബാങ്ക് പ്രസിഡന്‍റും മില്‍മ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറും സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗവുമായ ഭാസുരംഗന് നേരെ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ട്.
Read More :Maranalloor Acid Attack| ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം, പിന്നാലെ പ്രതിയുടെ ആത്മഹത്യ; അന്വേഷണത്തിന് സിപിഐ ജില്ല നേതൃത്വം