തിരുവനന്തപുരം: സിപിഎമ്മും സിപിഐയും പരസ്‌പരം മത്സരിച്ചിടത്ത് നേട്ടം കൊയ്‌ത് യുഡിഎഫ്. സംസ്ഥാനത്തുടനീളം നേട്ടമുണ്ടാക്കി ഇടതു മുന്നണി മുന്നേറുമ്പോൾ മുന്നണി ബന്ധം മാറ്റി വച്ച് സിപിഎമ്മും സിപിഐയും മത്സരിച്ചപ്പോള്‍ നേട്ടം കൊയ്‌തത് യുഡിഎഫ് ആണ്. വെമ്പായം പഞ്ചായത്തിലാണ് യുഡിഎഫ് വിജയിച്ചത്. പഞ്ചായത്തിലെ പെരുംകൂർ വാർഡിലാണ് സിപിഎമ്മും സിപിഐയും പരസ്‌പരം മത്സരിച്ചത്. സീറ്റ് വിഭജനത്തിലെ തർക്കത്തെത്തുടർന്നാണ് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും മത്സരിച്ചത്. ഔദ്യോഗിക പാർട്ടി ചിഹ്നത്തില്‍ തന്നെയായിരുന്നു ഇരുവരുടെയും മത്സരം.
സിപിഎമ്മും സിപിഐയും പരസ്‌പരം മത്സരിച്ചിടത്ത് നേട്ടം കൊയ്‌ത് യുഡിഎഫ്
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തില്‍ പെരുംകൂര്‍ വാർഡിലാണ് സിപിഎമ്മും സിപിഐയും പരസ്‌പരം മത്സരിച്ചത്.
ഫലം വന്നപ്പോൾ ഈ വാർഡിൽ യുഡിഎഫ് വിജയിച്ചു. സിപിഎം ബിജെപിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തും സിപിഐ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 480 വോട്ട് നേടി യുഡിഎഫിലെ താഴേക്കര രാഹുലാണ് വിജയിച്ചത്. ബിജെപിയുടെ സുനിൽകുമാർ 354 വോട്ട് നേടി. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി എഎം ഫാറൂഖ് 308 വോട്ടും അരിവാൾ നെൽ കതിർ അടയാളത്തിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി സജീവ് നായർ 133 വോട്ടും നേടി. തർക്കങ്ങൾ ഇല്ലാതെ മുന്നണിയായി മത്സരിച്ചിരുന്നുവെങ്കിൽ പിടിക്കാവുന്ന ഒരു വാർഡാണ് എൽഡിഎഫ് ഇവിടെ നഷ്‌ടപ്പെടുത്തിയത്.