കേരളം

kerala

ETV Bharat / state

സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് വര്‍ഗീയ കാര്‍ഡിറക്കിയെന്ന് മുല്ലപ്പള്ളി - congress against BJP

എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി  സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു  സിപിഎമ്മിനെതിരെ കോൺഗ്രസ്  ബിജെപിക്കെതിരെ മുല്ലപ്പള്ളി  തെരഞ്ഞെടുപ്പ് വാർത്തകൾ  കേരള തെരഞ്ഞെടുപ്പ്  kerala elections  congress against CPM  congress against BJP  Congress election
സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു: മുല്ലപ്പള്ളി

By

Published : Feb 27, 2021, 3:19 PM IST

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി ലൗജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തീവ്ര വര്‍ഗീയത ഇളക്കിവിടാനാണ് സിപിമ്മിന്‍റെയും ബിജെപിയുടെയും ശ്രമം. താന്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്‌താവന വിചിത്രമാണ്. നിറം പിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇത് മാസങ്ങളായി താന്‍ തുടരെത്തുടരെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇരുവരും കോണ്‍ഗ്രസിനെയാണ് ശത്രുവായി കാണുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്‌പര ധാരണ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. തന്‍റെ ഈ ആരോപണത്തിന് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ മറുപടി പറയാന്‍ ഇതുവരെ തയ്യാറാകാത്തതും അതുകൊണ്ടാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലീഗിനോട് സിപിഎമ്മിന് അസ്പര്‍ശ്യതയാണ്. പതിറ്റാണ്ടുകളായി ലീഗ് യുഡിഎഫിന്‍റെ ഭാഗമാണ്. യുഡിഎഫിന്‍റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ആശുപത്രിയില്‍ ആയതിനാലാണ് അവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. സീറ്റ് വിഭജനം സംബന്ധിച്ച് പിജെ ജോസഫിന്‍റെ ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഘടകകക്ഷികളുടെ താല്‍പര്യം പൂര്‍ണമായും ഉള്‍ക്കൊള്ളും. പിസി ജോര്‍ജിന്‍റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുന്‍പിലുള്ളത്. മാര്‍ച്ച് ആദ്യവാരം കോണ്‍ഗ്രസിന്‍റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍റിന് സമര്‍പ്പിക്കും. ജന സ്വീകാര്യതയുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയായിരിക്കും കോണ്‍ഗ്രസിന്‍റേത്. നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബിജെപിക്കും സിപിഎമ്മിനും വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ABOUT THE AUTHOR

...view details