തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ ചില ഇടങ്ങളില്‍ ആളുകുറഞ്ഞത് വലിയ വീഴ്‌ചയെന്ന് സംസ്ഥാന സമിതി വിലയിരുത്തൽ. ജാഥ നടക്കുമ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി ഉയർന്നിരുന്ന വിവാദങ്ങൾ ജാഥയെ ബാധിച്ചില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ജനപങ്കാളിത്തമാണ് ജാഥയിൽ ഉണ്ടായിരുന്നതെന്നും ഇന്നലെ (മാര്‍ച്ച് 30) സംഘടിപ്പിച്ച സംസ്ഥാന സമിതിയിലെ വിലയിരുത്തലില്‍ പറയുന്നു.
പൊതുജനങ്ങളെ ജാഥയുടെ ഭാഗമാക്കുന്നതിൽ ചില ഘടകങ്ങൾ വീഴ്‌ച വരുത്തി. ഇക്കാര്യം ഗൗരവമായി പരിശോധിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഒരു ഘടകത്തിന്‍റെയും പേര് പറയാതെയാണ് സംസ്ഥാന സമിതിയിൽ പ്രതിരോധ ജാഥ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജാഥയുടെ സമയത്ത് ഉയർന്ന ചില വിവാദങ്ങൾ അനാവശ്യമായിരുന്നു എന്നും വിലയിരുത്തലുണ്ട്. ചുരുക്കം ചില വീഴ്‌ചകൾ ഒഴിച്ചാൽ ജാഥ വൻ വിജയമായിരുന്നു എന്നാണ് നിഗമനം.
'തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കണം':കേന്ദ്ര സർക്കാറിന്‍റെ നയങ്ങളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ജാഥയിലൂടെ കഴിഞ്ഞതായും സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച രാഷ്ട്രീയ വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവാദങ്ങൾ ഉയർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിഞ്ഞു. ഇക്കാര്യങ്ങളിൽ ജാഗ്രത തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കണം. യുഡിഎഫ് നിലവിൽ തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയമായി സർക്കാരിനെതിരെ വിമർശനം ഉയർത്തുകയാണ്. ഇത്തരത്തില്‍ രാഷ്ട്രീയമായി സർക്കാരിനെതിരെയുള്ള വിമർശനം ആ രൂപത്തില്‍ തന്നെ നേരിടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്. സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും.
ഒരുമാസം നീണ്ടുനിന്ന ജാഥ: ഫെബ്രുവരി 20ന് കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചത്. മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് ജാഥ അവസാനിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്‌തത്. കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കല്‍, പാര്‍ട്ടിയേയും സര്‍ക്കാരിനെയും ബാധിച്ച വിഷയങ്ങളില്‍ വിശദീകരണം നല്‍കല്‍ എന്നിവയാണ് ജാഥയിലൂടെ സിപിഎം ലക്ഷ്യമിട്ടത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പുറമെ പി കെ ബിജു, സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്‌ക്ക് സി തോമസ് എന്നിവരും ജാഥയിലെ സ്ഥിരാംഗങ്ങളായിരുന്നു. ഒരുമാസം നീണ്ടുനിന്ന ജാഥയ്‌ക്ക് അപ്രതീക്ഷിത വിവാദങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ, ബജറ്റിലെ അധിക നികുതി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ അസാന്നിധ്യം എന്നിവ ചൂടേറിയ ചര്‍ച്ചയ്‌ക്കാണ് വഴിയൊരുക്കിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ജാഥയില്‍ അണിചേരാതിരുന്നത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. പകുതി പിന്നിട്ട ശേഷമാണ് അദ്ദേഹം ജാഥയില്‍ അണിചേര്‍ന്നത്. എം വി ഗോവിന്ദന്‍റെ കെ റെയില്‍ പ്രസ്‌താവന, സുരേഷ് ഗോപിക്ക് നല്‍കിയ മറുപടി പോലുള്ളവയും വലിയ വാര്‍ത്തയായിരുന്നു.