തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി എം ബി രാജേഷിനെ എത്തിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത് പ്രതിഛായ വർധിപ്പിക്കൽ തന്നെയാണ്. ഒന്നാം പിണറായി സർക്കാരിലുള്ള മന്ത്രിമാരിൽ മുഖ്യമന്ത്രി ഒഴികെ മറ്റെല്ലാ മന്ത്രിമാരെയും ഒഴിവാക്കിയ സിപിഎമ്മിന് പ്രവർത്തിപരിചയമില്ലായ്‌മ വലിയ വെല്ലുവിളിയായിരുന്നു. പല മന്ത്രിമാരുടെയും പ്രവർത്തനം സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു.
ഇവയെല്ലാം മറികടക്കുകയാണ് എം ബി രാജേഷിനെ മന്ത്രിസ്ഥാനത്ത് എത്തിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. പാർലമെന്‍റേറിയനായി പേരെടുത്ത എം ബി രാജേഷ് ആദ്യമായാണ് നിയമസഭയിൽ എത്തുന്നതെങ്കിലും സ്‌പീക്കർ സ്ഥാനത്ത് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇതു പരിഗണിച്ച് തന്നെയാണ് രാജേഷിനെ മന്ത്രിസഭയിൽ എത്തിക്കുന്നതും.
എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിനെ തുടർന്ന് രാജിവയ്‌ക്കുന്ന ഒഴിവിലേക്കാണ് രാജേഷ് എത്തുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളാണ് രണ്ടാം പിണറായി സർക്കാരിൽ എം വി ഗോവിന്ദൻ കൈകാര്യം ചെയ്‌തിരുന്നത്. ഈ സുപ്രധാന വകുപ്പുകളും മറ്റേതെങ്കിലും സുപ്രധാന വകുപ്പും തന്നെയാകും രാജേഷിന് ലഭിക്കുക.