തിരുവനന്തപുരം: വെമ്പായം പഞ്ചായത്തിൽ എൽഡിഎഫ് ഘടകകക്ഷികളായ സിപിഐ ,എൻസിപി സ്ഥാനാർഥികൾക്കെതിരെ സിപിഎം സ്ഥാനാർഥികൾ മത്സര രംഗത്ത് എത്തിയതോടെ വെമ്പായം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതിയ മാനം കൈവന്നു. വെമ്പായം പഞ്ചായത്തിലെ പെരുംകൂർ, കന്യാകുളങ്ങര തുടങ്ങിയ വാർഡുകളിലാണ് മുന്നണി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഇടതുപക്ഷത്തിലെ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകളിൽ ഏകപക്ഷീയമായി സിപിഎം സ്ഥാനാർഥികൾ മത്സരിക്കാൻ നോമിനേഷൻ നൽകിയത്.
വെമ്പായത്ത് ഘടകകക്ഷികൾക്കെതിരെ സിപിഎം മത്സര രംഗത്ത് - cpm
എൽഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള പോര് പഞ്ചായത്തിലെ മറ്റ് വാർഡുകളിലും പ്രതിഫലിച്ചാൽ ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം കൈവിട്ടുപോകാനുള്ള സാധ്യതയാണ് ഉടലെടുക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ പെരുംകൂർ വാർഡിൽ സിപിഐ സ്ഥാനാർഥിക്കെതിരെയും കന്യാകുളങ്ങര വാർഡിൽ എൻസിപിക്കെതിരെയുമാണ് സിപിഎം പ്രാദേശിക ഘടകത്തിന്‍റെ അറിവോടെ ഇന്നലെ പത്രിക സമർപ്പിച്ചത്. ഇരുവിഭാഗവും എൽഡിഎഫ് സ്ഥാനാർഥി എന്ന പേരിൽ പ്രചാരണവും ആരംഭിച്ചു. വാർഡിലുടനീളം സ്ഥാനാർഥികളുടെ ചിത്രങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കുകയും ചുവരെഴുത്തുകൾ ആരംഭിക്കുകയും ചെയ്‌തിട്ടുമുണ്ട് . കഴിഞ്ഞ 15 വർഷമായി സിപിഐ സ്ഥാനാർഥി തോൽക്കുന്ന പെരുംകൂർ വാർഡിൽ ഇത്തവണ വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ മുന്നണിയിൽ അങ്ങനെയൊരു തീരുമാനമില്ലെന്ന് സിപിഐ നേതാക്കളും വ്യക്തമാക്കുന്നു.
21 വാർഡുകളുള്ള വെമ്പായം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ തവണ 11 സീറ്റിൽ സിപിഎം, 9 സീറ്റിൽ സിപിഐ, 1 സീറ്റിൽ എൻസിപി എന്നിങ്ങനെയാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്ന് സിപിഐയും പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫിലെ പ്രബല കക്ഷികൾ തമ്മിലുള്ള പോര് പഞ്ചായത്തിലെ മറ്റ് വാർഡുകളിലും പ്രതിഫലിച്ചാൽ ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നിലനിർത്താൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുക്കുന്നത്.