കേരളം

kerala

ETV Bharat / state

ജി.സുധാകരന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം - cpm action against g.sudhakaran

എളമരം കരീം, കെ.ജെ തോമസ്‌ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുധാകരനെതിരായ പരാമര്‍ശം.

g sudhakaran  ജി.സുധാകരന് പരസ്യ ശാസന  പരസ്യ ശാസന  സിപിഎം പരസ്യ ശാസന  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്‌ച  തിരുവനന്തപുരം  അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ്  ambalapuzha election  cpm action against g.sudhakaran  g.sudhakaran
തെരഞ്ഞെടുപ്പ് വീഴ്‌ച; ജി.സുധാകരന് പരസ്യ ശാസന

By

Published : Nov 6, 2021, 5:12 PM IST

Updated : Nov 6, 2021, 5:40 PM IST

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയതിന് ജി.സുധാകരതെതിരെ പാര്‍ട്ടി നടപടി. സുധാകരന് പരസ്യ ശാസന നല്‍കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വന്നതായി സിപിഎം അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച വന്നുവെന്നാണ് എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്‌തു. തുടര്‍ന്നാണ് നടപടി.

സിപിഎം സംഘടനാ സംവിധാനത്തില്‍ അംഗങ്ങള്‍ക്കെതിരെ എടുക്കുന്ന ആറ്‌ തരം അച്ചടക്ക നടപടികളില്‍ മൂന്നാമത്തെ അച്ചടക്ക നടപടിയാണ് പരസ്യ ശാസന.

സുധാകരന് വീഴ്‌ച സംഭവിച്ചു; കമ്മിഷന്‍റെ കണ്ടെത്തലുകള്‍

രണ്ട് തവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന പാര്‍ട്ടിയുടെ കര്‍ശന നിബന്ധനയെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന്‌ രണ്ടാം തവണയും മത്സരിക്കാന്‍ തയ്യാറെടുത്ത സുധാകരന് മാറി നില്‍ക്കേണ്ടി വന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയും അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാമിനെതിരായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയും ചെയ്‌തു.

പ്രചരണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നതില്‍ വീഴ്‌ച വരുത്തി. തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പരസ്യ ശാസന എന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്‌തു. സുധാകരന്‍ കൂടി പങ്കെടുത്ത സംസ്ഥാന സമിതി ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.

സുധാകരനെതിരായ പാര്‍ട്ടി നടപടി ഇത് രണ്ടാം തവണ

പ്രവര്‍ത്തന മികവും മുതിര്‍ന്ന നേതാവെന്ന പരിഗണനയും ജനപിന്തുണയും കണക്കിലെടുത്താണ് തരംതാഴ്ത്തല്‍ അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകാതിരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത്തവണ നടപടി നേരിട്ട ഏറ്റവും മുതിര്‍ന്ന നേതാവാണ് സുധാകരന്‍. ഇത് രണ്ടാം തവണയാണ് സുധാകരന് പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്.

2002ല്‍ ആലപ്പുഴ ജില്ലകമ്മറ്റിയിലേക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സുധാകരനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. സംസ്ഥാന സമിതി യോഗത്തിന് ശേഷം എകെജി സെന്ററില്‍ നിന്നുമടങ്ങിയ ജി.സുധാകരന്‍ പാര്‍ട്ടി നടപടി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.

ഇന്നത്തെ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്ത സുധാകരന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകളില്‍ വിശദീകരണം നല്‍കി. ഇതിന്‌ ശേഷമാണ് നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ചര്‍ച്ച പൂര്‍ത്തിയാക്കി സംസ്ഥാന സമിതി യോഗം സമാപിച്ചു.

Last Updated : Nov 6, 2021, 5:40 PM IST

ABOUT THE AUTHOR

...view details