തിരുവനന്തപുരം: തനിക്കെതിരെ സി.പി.എം പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തന്‍റെ നിയോജക മണ്ഡലമായ പറവൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പറയുന്നതിന്‍റെ അര്‍ത്ഥം തന്നെ വകവരുത്തുമെന്നല്ലേ?. തിരുവനന്തപുരത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു എന്നും വി.ഡി സതീശന്‍ ആരോപിച്ചു.
സിപിഎം തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് വി.ഡി സതീശന്‍; "ഭീഷണി മുഴക്കിയാല്‍ പിന്തിരിഞ്ഞോടില്ല" എറണാകുളത്ത് ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വെല്ലുവിളിക്കുന്നു. കേരളത്തില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു. കലാപത്തിന് നേതാക്കള്‍ പരസ്യമായി അണികള്‍ക്ക് ആഹ്വാനം നല്‍കുകയാണ്.
ഇതൊന്നും കണ്ട് പിന്തിരിഞ്ഞോടുന്ന ആളല്ല താന്‍. കേരളത്തില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചിട്ട് പൊലീസ് കേസെടുക്കുന്നില്ല. പിടികൂടുന്ന അക്രമികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വീണ്ടും വീണ്ടും ഇവരെ കലാപത്തിന് ഇറക്കിവിടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. തീരുവനന്തപുരം പൂന്തുറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു എസ്.ഐയെ പിന്നില്‍ നിന്ന് പട്ടിക ഉപയോഗിച്ച് തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന കേസ് രജിസ്റ്റര്‍ ചെയ്‌ത സി.പി.എം പൊലീസ് സംഘടനാ നേതാവായ അസിസ്റ്റന്‍റ് കമ്മിഷണറുടെ കീഴിലുള്ളതാണ് ഈ എസ്.ഐ. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രസ്‌താവന നടത്തുന്ന സാസ്‌കാരിക നായകര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തിട്ടും കെ.പി.സി.സി ഓഫിസ് അക്രമിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് ക്രിമിനലുകളെ കയറ്റിവിട്ടിട്ടും മിണ്ടാട്ടമില്ല.
സര്‍ക്കാരിന്‍റെ ഔദാര്യം പറ്റുന്ന ഒരു കൂട്ടമായി അവര്‍ അധഃപതിച്ചിരിക്കുന്നു. കണ്ണൂരുകാരനായ ഇന്‍ഡിഗോ ഏയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ല. നാട് മുഴുവന്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കുകയും, കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായി കള്ളക്കേസെടുക്കുകയും, പൊലീസ് അതിക്രമങ്ങള്‍ അരങ്ങേറുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുമായി ലോക കേരള സഭയുടെ വേദി പങ്കിടാനുള്ള വിശാല മനസ്‌കത പ്രതിപക്ഷത്തിനില്ല. ലോക കേരള സഭ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെങ്കില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.