തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഏറ്റവും പ്രബല കക്ഷിയായ സിപിഐയുടെ വന്‍ മതിലായിരുന്നു കാനം രാജേന്ദ്രന്‍ (cpi state secretary Kanam Rajendran). സിപിഐയുടെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച് നിന്നു കൊണ്ട് ഇടതുമുന്നണിക്കെതിരെയുള്ള വിമര്‍ശനങ്ങളെ അദ്ദേഹം അതിശക്തമായി പ്രതിരോധിച്ചു. സിപിഐ എന്ന ഇടതുമുന്നണിയുടെ വ്യത്യസ്‌ത മുഖത്തെ സിപിഎം പാളയത്തില്‍ കൂട്ടി കെട്ടുന്നതാണ് കാനത്തിന്‍റെ നിലപാടുകള്‍ എന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.
പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചത്. കേരളമെന്ന തുരുത്തില്‍ മാത്രമുള്ള ഇടതുമുന്നണിയേയും ഇടതുസര്‍ക്കാരിനെയും എക്കാലത്തും നിലനിര്‍ത്തി പോരുക എന്നതിന് തന്നെയാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
കേരള കോണ്‍ഗ്രസിന് അതിശക്തമായ വേരോട്ടമുള്ള കോട്ടയം ജില്ലയില്‍ സിപിഐ യുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിലൂടെയാണ് കാനം പൊതുരംഗത്ത് കടന്ന് വരുന്നത്. എഐഎസ്എഫിന്‍റെയും എഐവൈഎഫിന്‍റെയും സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെ 1982 ല്‍ കേരള കോണ്‍ഗ്രസിന്‍റെ തട്ടകമായ വാഴൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1987 ലും വിജയം ആവര്‍ത്തിച്ചു.
പാര്‍ലമെന്‍ററി രംഗം ഒഴിഞ്ഞതിന് പിന്നാലെ പ്രവര്‍ത്തനം തൊഴിലാളി രംഗത്തേക്ക് മാറ്റി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി പദവികള്‍ അലങ്കരിച്ചു. സിപിഐ യുടെ ഏറ്റവും ഉയര്‍ന്ന നയരുപീകരണ സമിതിയായ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കാനമാണ്.
2012 ല്‍ സികെ ചന്ദ്രപ്പന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനത്തിന്‍റെ പേര് ഉയര്‍ന്ന് വന്നെങ്കിലും ഒരു വിഭാഗം സി ദിവാകരന് വേണ്ടി രംഗത്തിറങ്ങിയതോടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രനാണ് അന്ന് സെക്രട്ടറിയായത്. 2015, 2018, 2022 എന്നീ വര്‍ഷങ്ങളിലാണ് കാനം സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.