തിരുവനന്തപുരം: സിപിഎമ്മിനും എൽഡിഎഫിനുമെതിരെയുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമാണ് എകെജി സെന്‍ററിന് നേരെ നടന്ന ബോംബേറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ട്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണ് ആക്രമികളുടെ ലക്ഷ്യം. പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണം ഗൗരവതരമാണെന്നും കാനം പറഞ്ഞു.
തുടര്‍ഭരണത്തിന് ശേഷം കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആക്രമണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി നേതൃത്വവും മറ്റ് ഇടതു വിരുദ്ധരും തുടര്‍ഭരണത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച (30.06.22) രാത്രി 11.35 നാണ് എ.കെ.ജി സെന്‍ററിന്‍റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ വലിയ സ്ഫോടന ശബ്‌ദവും പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു.