കാനം രാജേന്ദ്രന്‍ പ്രതികരിക്കുന്നു തിരുവനന്തപുരം:പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസിനെതിരായ വിമര്‍ശനം കടുപ്പിക്കാതെ സിപിഐ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മീനച്ചിലാര്‍ ശാന്തമായി ഒഴുകുന്നുണ്ടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ തീരുമാനത്തില്‍ മറ്റൊരു പാര്‍ട്ടി ഇടപെടുന്നത് ശരിയല്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടേതായ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിലെ സിപിഎം തീരുമാനത്തില്‍ ഇടപെടലുണ്ടായോയെന്ന് അറിയില്ല. അത് കൈകാര്യം ചെയ്യാന്‍ ജില്ലയിലേയും പാലായിലെയും ഇടത് നേതൃത്വത്തിന് കഴിയും. അതില്‍ സംസ്ഥാന നേതൃത്വം ഇടപെടേണ്ട കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിന് അവരുടേതായ അഭിപ്രായമുണ്ടാകാമെന്നും കാനം പറഞ്ഞു. മുന്നണി മാര്യാദയ്ക്ക് ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമമെന്നും കേരള കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഇതിനാവശ്യമായ സഹകരണമുണ്ടോയെന്ന ചോദ്യത്തിന് വരട്ടെ കാണാം എന്നുമായിരുന്നു കാനത്തിന്‍റെ മറുപടി.
അതേസമയം കേരള കോണ്‍ഗ്രസിന്‍റെ ഇടത് മുന്നണി പ്രവേശനത്തിലടക്കം കടുത്ത എതിര്‍പ്പറിയിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഐ. സിപിഎമ്മും മുഖ്യമന്ത്രിയും നേരിട്ടിടപെട്ടാണ് ഈ എതിര്‍പ്പില്‍ അന്ന് അയവുവരുത്തിയത്. മുന്നണി ധാരണ പ്രകാരമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പാലാ നഗരസഭ ചെയര്‍മാനായിരുന്ന കേരളാ കോണ്‍ഗ്രസിലെ ആന്‍റോ പടിഞ്ഞാറേക്കര രാജിവച്ചത്. ആദ്യരണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗസിനും ഇടയ്ക്ക് ഒരു വര്‍ഷം സിപിഎമ്മിനും എന്നായിരുന്നു ധാരണ.
പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു ആദ്യം സിപിഎം നീക്കം. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) ഇതില്‍ കടുത്ത എതിര്‍പ്പാണ് അറിയിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ നേരത്തെയുണ്ടായ കയ്യാങ്കളി കൂടാതെ പാലാ നിയമസഭ മണ്ഡലത്തിലെ ജോസ് കെ മാണിയുടെ തോല്‍വിയും ഉന്നയിച്ചായിരുന്നു ബിനുവിനെതിരെ കേരള കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വമടക്കം ഇടപെട്ട് ബിനുവിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മാറ്റിയത്.