തിരുവനന്തപുരം:അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ ഇടതുമുന്നണിയിൽ അതൃപ്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ട് അതൃപ്തി അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ യാഥാർഥ്യമാകാൻ സാധ്യതയില്ലാത്ത പദ്ധതി സംബന്ധിച്ച വിവാദം ഉണ്ടാക്കുന്നതിൽ സിപിഎമ്മിലും എതിർപ്പുണ്ട്.
അതിരപ്പിള്ളിയെ തള്ളി കാനം രാജേന്ദ്രന്‍ - left party kerala
മുന്നണി സംവിധാനത്തെ മുഴുവൻ മറികടക്കുന്ന തീരുമാനം ആണ് പദ്ധതിയെന്ന് സിപിഐ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിന് എതിർപ്പ് പരസ്യമായി പറഞ്ഞ് സിപിഎം നേതൃത്വത്തെയും സിപിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പദ്ധതി വേണ്ടെന്ന് രണ്ടുവർഷം മുമ്പ് ഇടതുമുന്നണി തീരുമാനിച്ചതാണ്. ഇപ്പോൾ ഈ തീരുമാനത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് സിപിഐയുടെ നിലപാട്. മുന്നണി സംവിധാനത്തെ മുഴുവൻ മറികടക്കുന്ന തീരുമാനം ആണ് ഇതെന്ന് സിപിഐ, സിപിഎമ്മിനെ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടു പോയാൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് സിപിഐ യുവജന സംഘടനയായ എവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുന്ന ഈ സാഹചര്യത്തിൽ മുന്നണിക്കുള്ളിൽ അസ്വാരസ്യം ഇടതുമുന്നണിക്ക് തലവേദനയാകും.
കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയത് സാങ്കേതികമായ കാര്യം മാത്രമാണെന്നാണ് വൈദ്യുത മന്ത്രി എം.എം മണിയുടെ നിലപാട്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മുമ്പിൽ പദ്ധതി സംബന്ധിച്ച ആശയം നിലനിർത്തുക മാത്രമാണ് എൻഒസിയിലൂടെ ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് പാർട്ടിക്ക് മന്ത്രി വിശദീകരണം നൽകുകയും ചെയ്തു.