തിരുവനന്തപുരം :സര്‍വകലാശാല വി.സി നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കണം. ആരുടേയോ പ്രീതിക്കായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്‍റെ പാത സ്വീകരിക്കുകയാണ് ഗവര്‍ണര്‍. നയപ്രഖ്യാപനം വായിക്കുന്നത് സംബന്ധിച്ച വിവാദവും സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായ പരസ്യമായ പ്രതികരണങ്ങളും ഇതിന്‍റെ ഭാഗമാണ്. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദം സൃഷ്‌ടിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളെ നിര്‍ദേശിക്കുന്നത് യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്.
'പ്രകോപനത്തിന്‍റെ കാരണം വ്യക്തമാക്കണം'
വസ്‌തുത ഇതായിരിക്കെ അനാവശ്യ വിവാദം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ട്. ഇപ്പോഴത്തെ പ്രകോപനത്തിന്‍റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കണം. ഗവര്‍ണര്‍ പദവി അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കെയാണ് ആ സ്ഥാനം ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ALSO READ:സൗജന്യ റേഷന്‍ കിറ്റില്‍ മോദിയുടേയും യോഗിയുടേയും ഫോട്ടോ ; വ്യാപക വിമര്‍ശനം
ബി.ജെ.പിയുടെ രാഷ്ട്രീയ പാവയായി ഗവര്‍ണര്‍ മാറുകയാണ്. ബി.ജെ.പി ഓഫിസില്‍ നിന്ന് എഴുതി നല്‍കുന്നത് വായിക്കുകയും തീട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുകയാണ്. ഗവര്‍ണര്‍ പദവിക്കുള്ള അധികാരങ്ങള്‍ മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.