തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം പാസാക്കിയതിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് സിപിഐ. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിക്കാത്തതാണ് സി.പി.ഐയുടെ അതൃപ്‌തിക്ക് കാരണം. ഭൂപരിഷ്‌കരണ നിയമത്തിന്‍റെ നിർണായകഘട്ടങ്ങളിൽ ഇടപെടലുകൾ നടത്തിയത് മുൻ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനാണെന്നും സമഗ്രമായ നിയമം നടപ്പിലാക്കിയത് അദ്ദേഹത്തിന്‍റെ കാലത്താണെന്നും സിപിഐ പറഞ്ഞു. എന്നിട്ടും അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിക്കാത്തത് പ്രതിഷേധാർഹമാണ്. അതൃപ്‌തി മുഖ്യമന്ത്രിയെ അറിയിക്കാനാണ് സിപിഐയുടെ തീരുമാനം.
ഭൂപരിഷ്‌കരണ നിയമ വാര്‍ഷികം; മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് സിപിഐ
ഭൂപരിഷ്‌കരണ നിയമം പാസാക്കിയതിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ പേര് പരാമർശിക്കാത്തതാണ് സിപിഐയുടെ അതൃപ്‌തിക്ക് കാരണം
അൻപതാം വാർഷികം അയ്യൻകാളി ഹാളിൽ സമഗ്രമായാണ് സംസ്ഥാനസർക്കാർ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്‌തു. ഭൂപരിഷ്‌കരണ നിയമത്തിന്‍റെ നേട്ടങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും പേരു പറഞ്ഞ് അഭിനന്ദിച്ചാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. നാടിന്‍റെ മുഖച്ഛായ തന്നെ മാറ്റിയ നിയമമായിരുന്നു ഭൂപരിഷ്‌കരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടില്ലാത്ത പതിനായിരങ്ങൾക്ക് വീട് ലഭിച്ചത് ഈ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന് പിന്നിൽ പ്രവർത്തിച്ച ഗൗരിയമ്മയേയും അന്ന് ഭരണത്തിന് നേതൃത്വം കൊടുത്ത ഇഎംഎസിനേയും അഭിനന്ദിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്.