തിരുവനന്തപുരം : ഒടുവില്‍ ഗത്യന്തരമില്ലാതെ എന്‍. ഭാസുരാംഗന്‍ (N Bhasurangan) എന്ന ജില്ലയിലെ ശക്തനായ നേതാവിനെ സിപിഐക്ക് കയ്യൊഴിയേണ്ടി വന്നു. കോണ്‍ഗ്രസ് കളരിയില്‍ കെ.കരുണാകരന്‍റെ അനുയായിയായി രാഷ്‌ട്രീയത്തില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ നേതാവാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്‍റെ പേരില്‍ ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗന്‍. കെ.കരുണാകരന്‍ (K karunakaran) കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഐസി രൂപീകരിച്ചപ്പോള്‍ ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഓടി നടന്നവരുടെ മുന്‍ നിരയില്‍ ഭാസുരാംഗനുണ്ടായിരുന്നു.
പികെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് കെ കരുണാകരന്‍ പരസ്യമായി പിന്തുണച്ച സിപിഐ സ്ഥാനാര്‍ഥി പന്ന്യൻ രവീന്ദ്രന്‍റെ വിജയത്തിനായി ആളും അര്‍ത്ഥവും ഇറക്കിയതിന് പിന്നിലും ഭാസുരാംഗന്‍റെ ഇടപെടലുണ്ടായിരുന്നു. ഡിഐസി എന്‍സിപിയില്‍ ലയിപ്പിച്ച് മുരളീധരന്‍ സംസ്ഥാന പ്രസിഡന്‍റായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു.
അപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുമടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്‍സിപി വഴി എല്‍ഡിഎഫില്‍ ചേക്കേറാനുള്ള മുരളീധരന്‍റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായ സിപിഐയിലാണ് പിന്നെ ഭാസുരാംഗന്‍ തന്‍റെ രാഷ്‌ട്രീയ മോഹങ്ങളുടെ ഭാണ്ഡം ഇറക്കി വയ്‌ക്കുന്നത്. മുരളീധരന്‍ എന്‍സിപി ബന്ധം പറിച്ചെറിഞ്ഞ് കോണ്‍ഗ്രസില്‍ കൂടണഞ്ഞപ്പോഴേക്കും ഭാസുരാംഗന്‍ സിപിഐയില്‍ എത്തിക്കഴിഞ്ഞു.
താരതമ്യേന സിപിഐ സംഘടനാപരമായി ദുര്‍ബ്ബലമായ കാട്ടാക്കട പോലൊരു പ്രദേശത്ത് ഭാംസുരാംഗന്‍ സിപിഐയെ സംബന്ധിച്ച് ലോട്ടറിയായിരുന്നു. അദ്ദേഹം പ്രസിഡന്‍റായ രണ്ട് സഹകരണ സംഘങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ഒന്ന് മാറനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷീര എന്ന പാല്‍ സഹകരണ വിപണന സൊസൈറ്റി. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട തുടങ്ങിയ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ മലയോര മേഖലയില്‍ മില്‍മയ്‌ക്കും മില്‍മ ഉത്‌പന്നങ്ങള്‍ക്കും വന്‍ വെല്ലുവിളിയുയര്‍ത്താന്‍ ക്ഷീരയ്‌ക്കും ക്ഷീരയുടെ പാലിനും മറ്റ് ഉത്‌പന്നങ്ങള്‍ക്കും കഴിഞ്ഞിരുന്ന കാലം.
അദ്ദേഹം പ്രസിഡന്‍റായ മറ്റൊരു സഹകരണ സംഘമായിരുന്നു ഇപ്പോള്‍ ആരോപണ മുനയില്‍ നില്‍ക്കുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്ക്. അങ്ങനെ ഭാസുരാംഗന്‍റെ സിപിഐ പ്രവേശത്തിലൂടെ കാട്ടാക്കട, നെയ്യാറ്റിന്‍കര മേഖലയിലെ രണ്ട് പ്രബല സഹകരണ സ്ഥാപനങ്ങള്‍ അൽപം പോലും വിയര്‍പ്പൊഴുക്കാതെ സിപിഐയില്‍ വന്നുചേര്‍ന്നു. താരതമ്യേന ആളും അര്‍ത്ഥവും കുറഞ്ഞ സിപിഐയുടെ മിക്ക സംഘടന പരിപാടികളുടെയും ചുമതലയേറ്റെടുത്ത ഭാസുരാംഗന്‍ പരിപാടികളെല്ലാം ഗംഭീര വിജയമാക്കി മാറ്റി.
ഇതോടെ ജില്ലയിലെ സിപിഐയില്‍ അനിഷേധ്യ നേതാവായി അദ്ദേഹം മാറുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഭാസുരാംഗന്‍ അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ് കണ്‍വീനറായി. മില്‍മയില്‍ തെരഞ്ഞെടുപ്പ് നടന്ന് ഫല പ്രഖ്യാപനം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും അഡ്‌മിനിട്രേറ്റര്‍മാരുടെ വോട്ടുകൂടി എണ്ണി ഫലം എല്‍ഡിഎഫിനനുകൂലമാക്കുകയായിരുന്നു.