തിരുവനന്തപുരം: മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സിപിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി പി സുനീര്‍ എന്നിവരെയാണ് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗം ചുമതലപ്പെടുത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും എംഎല്‍എക്കും മര്‍ദനമേറ്റിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
എല്‍ദോ എബ്രഹാമിന് മര്‍ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സിപിഐയുടെ മൂന്നംഗ സമിതി - three person panel
പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും എംഎല്‍എക്കും മര്‍ദനമേറ്റിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ യോഗത്തില്‍ വിമര്‍ശനം
എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിക്കും എല്‍ദോ എബ്രഹാമിനും മര്‍ദനമേറ്റ ശേഷം ഇതാദ്യമായാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. സംഭവത്തെ യോഗം ഒന്നങ്കം അപലപിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയ ശേഷം അത് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി മാറ്റിയതിലുള്ള അനിഷ്‌ടം കാനം രാജേന്ദ്രന്‍ യോഗത്തില്‍ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫില്‍ നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കുന്ന രീതിയിലാണ് ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു. ഇതിനെതിരെ നിരവധി പരാതികള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. എന്നാല്‍ മര്‍ദനമേറ്റ സംഭവത്തില്‍ എതിര്‍പ്പിന്‍റെ നേരിയ സ്വരമെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കാനം ഉയര്‍ത്തേണ്ടതായിരുന്നെന്ന് പാര്‍ട്ടി അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് അന്വേഷണത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചത്.