തിരുവനന്തപുരം :വിവാദമായ മുട്ടില്‍ മരം മുറിക്കേസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ എക്‌സിക്യുട്ടീവ് യോഗം ബുധനാഴ്‌ച ചേരും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം.
പട്ടയ ഭൂമികളില്‍ നിന്ന് വന്‍ തോതില്‍ മരം മുറിക്കുന്നതിന് മുന്‍ സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന സിപിഐ മന്ത്രിമാരാണ് സൗകര്യമൊരുക്കിയതെന്ന ആരോപണം പാര്‍ട്ടി നേരിടുന്ന പശ്ചാത്തലത്തിലാണ് യോഗം.
യോഗം വിവാദങ്ങൾ ശക്തമായിരിക്കെ
മുന്‍ റവന്യൂ മന്ത്രിയും സിപിഐ പ്രതിനിധിയുമായ ഇ. ചന്ദ്രശേഖരന്‍, സിപിഐയുടെ മുന്‍ വനം മന്ത്രി കെ.രാജു എന്നിവരാണ് ഇതിന് സൗകര്യമൊരുക്കിയതെന്ന ആരോപണം ശക്തമായിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
വിവാദമായ മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് വിവരാവകാശ മറുപടി നല്‍കിയതിന്‍റെ പേരില്‍ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഒ.എസ്. ശാലിനിയെ നിര്‍ബന്ധിത അവധിക്ക് അയക്കുകയും പിന്നീട് അവരെ റവന്യൂ വകുപ്പിന് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്ത, മന്ത്രി കെ. രാജന്‍റെ നിലപാടും വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.
ALSO READ:മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍; വാക്കൗട്ട് നടത്തി പ്രതിപക്ഷം
ഇതിനുപിന്നാലെ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാനുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്‍റെ തീരുമാനവും വിവാദമായി.