കേരളം

kerala

ETV Bharat / state

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രതിനിധികളുടെ റിപ്പോര്‍ട്ട് - maoist attack latest news updates

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

cpi

By

Published : Nov 4, 2019, 7:25 PM IST

തിരുവനന്തപുരം:അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി സ്ഥലം സന്ദര്‍ശിച്ച സിപിഐ പ്രതിനിധി സംഘത്തിന്‍റെ റിപ്പോര്‍ട്ട്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ഏക പക്ഷീയമായി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും സംഘത്തലവനും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ കെ. പ്രകാശ് ബാബു തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സംഘം റിപ്പോര്‍ട്ട് കൈമാറി.

സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ തന്നെ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വ്യക്തമായി. സ്ഥലത്ത് ചോറും കാട്ടിറച്ചി കറിയും ചിതറിക്കിടപ്പുണ്ട്. അഞ്ചോ ആറോ പേരുള്ള സംഘത്തെ വളഞ്ഞിട്ടു വെടിവച്ചു കൊന്നു. അവിടെ നിന്ന് രക്ഷപ്പെട്ട മണിവാസകത്തെ കസ്റ്റഡിയിലെടുത്ത് അതി ക്രൂരമായി മർദിച്ച ശേഷം പിറ്റേ ദിവസം വെടിവച്ചു കൊലപ്പെടുത്തി. തണ്ടര്‍ ബോള്‍ട്ടിനെ ആദിവാസികള്‍ക്ക് ഭയമാണ്. ഇവര്‍ ആദിവാസി സ്ത്രീകളെ പോലും തടഞ്ഞു നിര്‍ത്തി ദേഹ പരിശോധന നടത്താറുണ്ട്. തണ്ടര്‍ ബോള്‍ട്ടിനെ ഉടന്‍ പിന്‍വലിക്കണം. മാവോയിസ്റ്റുകളില്‍ നിന്നല്ല, തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളില്‍ നിന്നാണ് ആദിവാസികള്‍ ഭീഷണി നേരിടുന്നത്. ലോക്കപ്പ് മരണം, വ്യാജ ഏറ്റുമുട്ടല്‍ എന്നിവയോടുള്ള എല്‍ഡിഎഫ് നിലപാടില്‍ നിന്ന് മാറിയാണ് പൊലീസ് വകുപ്പ് മുന്നോട്ടു പോകുന്നത്.

രാഷ്ട്രീയ നേതൃത്വത്തെ മറികടക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കരുത്. മാവോയിസ്റ്റുകളുടേത് സര്‍ക്കാരിനെതിരായ പ്രചാരണമല്ല മറിച്ച് സര്‍ക്കാരില്‍ നിന്നു കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ചാണ് ആദിവാസികളോടു പറയുന്നതെന്നും പ്രകാശ് ബാബു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പ്രകാശ്‌ ബാബുവിനെ കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ്, എംഎല്‍എമാരായ ഇ.കെ വിജയന്‍, മുഹമ്മദ് മുഹസിന്‍ എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details