തിരുവനന്തപുരം:ഇരട്ട വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് സിപിഐ. പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്തം രാഷ്‌ട്രീയപാര്‍ട്ടികളുടേത് മാത്രമാണെന്ന തരത്തില്‍ പ്രസംഗിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തരമാണ്. ഇരട്ട വോട്ട് പ്രശ്‌നം അതീവ ഗൗരവമുള്ളതാണ്. ഒരാളുടെ പേരില്‍ ഒന്നിലേറെ വോട്ടര്‍ ഐഡി ഉണ്ടാവുക എന്നത് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതാണ്. വോട്ടര്‍പ്പട്ടിക കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പിന് സജ്ജീകരിക്കുക എന്ന കര്‍ത്തവ്യത്തിനാണ് വര്‍ത്തമാനങ്ങളേക്കാള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സിപിഐ വിമര്‍ശനം ഉന്നയിച്ചു. ജനയുഗം പത്രത്തിലെ ലേഖനത്തിലാണ് സിപിഐ വിമര്‍ശനം ഉന്നയിച്ചത്.
ഇരട്ട വോട്ട് വിവാദം ഗൗരവതരം; തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് സിപിഐ - cpi
വോട്ടര്‍പ്പട്ടിക കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പിന് സജ്ജീകരിക്കുക എന്ന കര്‍ത്തവ്യത്തിനാണ് വര്‍ത്തമാനങ്ങളേക്കാള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് സിപിഐ
ഇരട്ട വോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പരിശോധനകളും ഗൗരവമുള്ള തിരുത്തും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിധിയിലുള്ളതാണ്. സംസ്ഥാന സര്‍ക്കാരിനുപോലും ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിധമാണെന്ന വിമര്‍ശനവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെരുവു സര്‍ക്കസായിട്ടേ പ്രതിപക്ഷ നേതാവിന്‍റെ പത്രസമ്മേളനങ്ങളെ കാണാനാകൂ.
തോല്‍വിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള രാഷ്‌ട്രീയ തന്ത്രങ്ങളാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസനത്തെ ചര്‍ച്ചയാക്കാന്‍ കഴിയാത്ത ഗതികേടിലാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുന്നണിയും. കയ്‌പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ കളവിന് കൂട്ടുനില്‍ക്കുകയും ഇടതുമുന്നണിക്കെതിരെ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ചെന്നിത്തല ചെയ്‌തിരിക്കുന്നത്. നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാവുമോ എന്നാണ് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപി ആലോചിച്ചു കൂട്ടുന്നത്. ഈ ഘട്ടത്തില്‍ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടര്‍പ്പട്ടിക വിവാദം കേന്ദ്രം ഭരിക്കുന്നവര്‍ക്കുള്ള അന്നമായിട്ടേ കരുതാനാകൂ. കേരളത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളും അതിന്‍റെ നിലനില്‍പ്പും ആഗ്രഹിക്കുന്ന ആരായാലും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുമായി കൂടിയാലോചനകളിലൂടെ പിഴവുകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതാണ് മാന്യതയെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.