തിരുവനന്തപുരം: ജനപ്രതിനിധികളെ ക്ഷണിക്കാതെ ബോധപൂർവ്വം അവഗണിച്ചെന്ന് ആരോപിച്ച് ശ്രീ നാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ നിന്ന് സിപിഐ വിട്ടു നിന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി. ദിവാകരൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. സിപിഐയുടെ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി നേതൃത്വം രംഗത്തെത്തി.
ശ്രീനാരായണഗുരുവിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്കരിച്ച് സിപിഐ - unveiling of Sree Narayana Guru statue
സിപിഐയുടെ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി സിപിഐ നേതൃത്വം രംഗത്തെത്തി.
സിപിഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവ് ശീലമാണ് ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്‍റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനും ജില്ലയിലെ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സിപിഐ ജനപ്രതിനിധികളെ അവഗണിക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവർ കാണിക്കുന്നത്. ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി ജി. ആർ. അനിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ചടങ്ങിന് സിപിഐ ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളതായി നേതൃത്വം അറിയിച്ചിരുന്നില്ല. പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പിണങ്ങി മാറി നിൽക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.