തിരുവനന്തപുരം:മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ, പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റ് എന്നിവയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു. പൊലീസുകാർ എഴുതി നൽകുന്നതല്ല, മുഖ്യമന്ത്രി നിയമസഭയിൽ വായിക്കേണ്ടതെന്ന് പ്രകാശ് ബാബു ആരോപിച്ചു. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് രാജ് അനുവദിക്കില്ലെന്നും ഇടതുപക്ഷത്ത് നിന്നു കൊണ്ട് ജനകീയ വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകരുതെന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയിൽ ഉത്തരവാദികളായ പൊലീസ് മേധാവികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കേരള മനുഷ്യാവകാശ സമിതി നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐ - പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റ്
മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ, പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റ് എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു
ഇടത് സർക്കാരിന്‍റെ കാലത്തുണ്ടാകാൻ പാടില്ലാത്തതാണ് മഞ്ചിക്കണ്ടിയിൽ നടന്നത്. വ്യാജ ഏറ്റുമുട്ടൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്തത് ഗുരുതരമായ തെറ്റാണെന്നും പ്രകാശ് ബാബു ആരോപിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്‌താവനക്കെതിരെയും പ്രകാശ് ബാബു തുറന്നടിച്ചു. അറസ്റ്റിലായ യുവാക്കൾ നിരപരാധികളെന്ന് പറഞ്ഞ പാർട്ടി പിന്നെ അവരെ തള്ളിപ്പറഞ്ഞു. കേരളത്തിന്‍റെ ഭരണാധികാരിയാണ് അവർ പരിശുദ്ധരല്ലെന്നും തീവ്രവാദികളാണെന്നും പറഞ്ഞത്. എന്നിട്ട് അന്വേഷത്തിന് മോദിയുടെ എൻഐഎ വന്നപ്പോൾ വിലപിക്കുന്നതെന്തിനെന്നും പ്രകാശ് ബാബു പറഞ്ഞു.