കേരളം

kerala

ETV Bharat / state

UCC |'ഷാബാനു കേസിന് മുന്‍പേ ഇഎംഎസ് ഏക സിവില്‍ കോഡ് വാദം മുന്നോട്ടുവച്ചു' ; വിഷയത്തില്‍ നരേന്ദ്രമോദിയുടെ ഗുരു അദ്ദേഹമെന്നും സിപി ജോണ്‍ - രാജീവ് ഗാന്ധി

ഷാബാനു കേസിന് മുന്‍പേ ഇഎംഎസ് ഏക സിവില്‍ കോഡ് മുന്നോട്ടുവച്ചെന്ന വാദവുമായി സിപി ജോണ്‍. പ്രസ്‌തുത കേസിന്‍റെ വിധിയെ പോലും ഇഎംഎസിന്‍റെ നിലപാട് സ്വാധീനിച്ചെന്നും വിമര്‍ശനം. വിഷയത്തില്‍ നരേന്ദ്രമോദിയുടെ ഗുരു വാജ്‌പേയി അല്ല ഇഎംഎസാണെന്നും സിഎംപി ജനറല്‍ സെക്രട്ടറി

cp john on uniform civil code  cp john interview  cp john  uniform civil code  ucc  shabanu case  ems  cp john against cpm  cmp  cmp leader cp john  ഇഎംഎസ്  ഏക സിവില്‍ കോഡ്  സിപി ജോൺ ഏക സിവില്‍ കോഡ്  ഏക സിവില്‍ കോഡിൽ ഇഎംഎസിനെതിരെ സിപി ജോൺ  സിപി ജോൺ  ഇഎംഎസിന്‍റെ ഏക സിവില്‍ കോഡ് വാദം  ഷബാനു കേസ്  രാജീവ് ഗാന്ധി  ഇഎംഎസിനെതിരെ സിപി ജോൺ
സിപി ജോണ്‍

By

Published : Jul 16, 2023, 1:47 PM IST

സിപി ജോണ്‍ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : ഷാബാനു കേസിലെ സുപ്രീംകോടതി വിധിയെ രാജീവ് ഗാന്ധി അസ്ഥിരപ്പെടുത്തിയതിന്‍റെ അനന്തര ഫലമാണ് ഏക സിവില്‍ കോഡ് വാദമെന്ന ആരോപണം തള്ളി സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍. ഷാബാനു കേസിലെ സുപ്രീംകോടതി വിധി വരുന്നതിനും ഒരു വര്‍ഷം മുന്‍പേ ഇഎംഎസ് നമ്പൂതിരിപ്പാട് ഏക സിവില്‍ കോഡ് വാദം ഉയര്‍ത്തിയെന്ന് സിപി ജോണ്‍ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

1984 ഫെബ്രുവരി മാസത്തില്‍ കോഴിക്കോട് വച്ച് നടന്ന ഡിവൈഎഫ്‌ഐ രണ്ടാം അഖിലേന്ത്യാ സമ്മേളന വേദിയിലാണ് ഏക സിവില്‍കോഡ് വാദം ഉയരുന്നത്. അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന താന്‍ സമ്മേളനത്തിന്‍റെ സംഘാടക സമിതി കണ്‍വീനര്‍മാരില്‍ ഒരാളായിരുന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണ് ഏക വ്യക്തി നിയമം എന്ന വിഷയം മുന്നോട്ടുവച്ചത്.

എം വിജയകുമാറിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റായി തെരഞ്ഞെടുത്ത സമ്മേളനത്തിന്‍റെ സമാപന പൊതുയോഗ വേദിയില്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ ഏക വ്യക്തി നിയമ വാദത്തെ ഇഎംഎസ് ശക്തമായി പിന്തുണയ്ക്കുകയായിരുന്നു. അവിടം മുതലാണ് ഏക വ്യക്തി നിയമ വിഷയത്തിന്‍റെ പന്തുരുണ്ട് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സമ്മേളനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 1985 ഏപ്രില്‍ മാസത്തിലാണ് ഷാബാനു കേസിലെ സുപ്രീംകോടതി വിധിയുണ്ടാകുന്നത്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഷാബാനു കേസിലെ സുപ്രീംകോടതി വിധിയുടെയും അതിനെ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പാര്‍ലമെന്‍റില്‍ അസ്ഥിരപ്പെടുത്തിയതിന്‍റെയും അനന്തര ഫലമാണ് ഏക വ്യക്തിനിയമ വാദം എന്നതാണ്. എന്നാല്‍ വസ്‌തുത അതല്ലെന്നും സിപി ജോണ്‍ കൂട്ടിച്ചേർത്തു.

ഷാബാനു കേസില്‍ സുപ്രീംകോടതി വിധിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ഇഎംഎസിന്‍റെ പ്രസ്‌താവന മാറി. കാരണം അന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇഎംഎസ്. യഥാര്‍ഥത്തില്‍ വ്യക്തി നിയമ പ്രശ്‌നത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിയത് ഇഎംഎസ് ആണ്. അതുകൊണ്ട്, ഏക വ്യക്തിനിയമത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരു വാജ്‌പേയിയല്ല, സാക്ഷാല്‍ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടാണെന്നും സിപി ജോണ്‍ വ്യക്തമാക്കി.

ഇഎംഎസിന്‍റെ ഈ മൃദു ഹിന്ദുത്വ സമീപനത്തെ എതിര്‍ത്തതിന്‍റെ ഫലമായാണ് എംവി രാഘവനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നത്. 1984ല്‍ ഇഎംഎസ് ഏക സിവില്‍ കോഡ് വാദം മുന്നോട്ടുവയ്ക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയല്ല, ഇന്ദിരാഗാന്ധിയാണ്. അന്ന് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലുണ്ടെങ്കിലും മുഖ്യധാരയിലില്ല.

ഇന്ദിരാഗാന്ധി 1984 ഒക്‌ടോബറില്‍ കൊല്ലപ്പെട്ട ശേഷം ഡിസംബര്‍ മാസത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നു. അന്ന് അഖിലേന്ത്യ മുസ്ലിം ലീഗ് ഇടതുമുന്നണിയിലാണ്. അവര്‍ സ്ഥിരമായി മഞ്ചേരി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ച് മുസ്ലിം ലീഗിനോട് പരാജയപ്പെടുകയാണ് ചെയ്യുന്നത്. അത്തവണ അവര്‍ക്ക് മത്സരിച്ച് ജയിക്കാന്‍ കോഴിക്കോട് സീറ്റ് ആവശ്യപ്പെട്ടു. ഇഎംഎസ് പറ്റില്ല എന്ന നിലപാടെടുത്തപ്പോള്‍ എംവി രാഘവന്‍ അഖിലേന്ത്യ മുസ്ലിം ലീഗിന് അനുകൂല നിലപാടെടുത്തു.

ഇതിനെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പുണ്ടാവുകയും ഇഎംഎസിന്‍റെ പക്ഷത്തെ പരാജയപ്പെടുത്തി എംവി രാഘവന്‍റെ പക്ഷം വിജയിക്കുകയും അഖിലേന്ത്യ ലീഗിന് കോഴിക്കോട് സീറ്റ് അനുവദിക്കുകയുമായിരുന്നു. ഇതിനിടെ കേന്ദ്ര കമ്മിറ്റി തീരുമാനം എന്നുപറഞ്ഞ് ഇഎംഎസ് ഒരു കത്ത് കൊണ്ടുവന്നു. അതില്‍ അഖിലേന്ത്യ ലീഗ് ഇടതുമുന്നണിയില്‍ പാടില്ലെന്നും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കാലാകാലങ്ങളായി ന്യൂനപക്ഷ പാര്‍ട്ടികളെന്ന പേരില്‍ അന്യായമായി കാര്യങ്ങള്‍ നേടിയെടുക്കുകയാണെന്നുമുള്ള വാദമാണുയര്‍ത്തിയത്. ഇതുകൊണ്ടാണ് ഹിന്ദു വര്‍ഗീയത ശക്തിപ്പെടുന്നതെന്നായിരുന്നു ഇഎംഎസിന്‍റെ വാദമെന്നും സിപി ജോൺ വിശദീകരിച്ചു.

1984ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ തിരുവനന്തപുരം ഈസ്റ്റ് നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താവുകയും ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള വര്‍മ്മരാജ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്‌തു. ഇതോടെ ഇഎംഎസ് വീണ്ടും വാളെടുത്തു. അഖിലേന്ത്യ ലീഗിനെ ഇടതുമുന്നണി താലോലിക്കുന്നത് കൊണ്ടാണ് ഇവിടെ ഭൂരിപക്ഷ വര്‍ഗീയത വളരുന്നതെന്നായി ഇഎംഎസിന്‍റെ വാദം. എന്നാല്‍ ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണയ്ക്കുന്നതല്ല ഭൂരിപക്ഷ വര്‍ഗീയതയുടെ കാരണം എന്ന വാദം മാര്‍ക്‌സിസ്റ്റ് തത്വ ചിന്തയ്ക്ക് നിരക്കുന്നതല്ലെന്ന് എംവി രാഘവന്‍ വാദിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതാണ് തൊഴിലാളി വര്‍ഗ സമീപനം എന്നും എംവിആര്‍ വാദിച്ചു. ഇഎംഎസിന്‍റെ സമീപനത്തെ തുടര്‍ന്നാണ് അഖിലേന്ത്യ ലീഗിന് ഇടതുമുന്നണി വിടേണ്ടി വന്നത്. ഇപ്പോള്‍ ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തിയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിലൂടെ 1980കളില്‍ സിപിഎം എടുത്തിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഏറ്റവും വികൃതമായ നിലപാടുകളെ വളഞ്ഞ വഴിയിലൂടെയെങ്കിലും അവര്‍ക്ക് തെറ്റാണെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്നും സിപി ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.

മുസ്ലിം ലീഗ് ഒരു ന്യൂനപക്ഷ മതേതര പ്രസ്ഥാനമാണെന്നും അവരുമായി ചേരാമെന്നും ഇതുവരെ സിപിഎം അംഗീകരിച്ചിട്ടില്ല. അവരുടെ ആശയങ്ങള്‍ മാറ്റിവച്ചുകൊണ്ട് എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന തന്ത്രമാണ് എംവി ഗോവിന്ദന്‍റെയും പിണറായി വിജയന്‍റെയും നേതൃത്വത്തില്‍ സിപിഎം കേരളത്തില്‍ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ലീഗിനെ സെമിനാറിലേക്ക് ക്ഷണിക്കലും മറ്റുമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പൊളിറ്റ് ബ്യൂറോ നിലപാട് മാറ്റാത്തത്. ലീഗിനെ മതേതര പാര്‍ട്ടിയായി അംഗീകരിച്ചിരിക്കുന്നു എന്നോ ഇത് സംബന്ധിച്ച് 1986ല്‍ കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനം തെറ്റായിരുന്നെന്നോ ഇതുവരെ സിപിഎം പൊളിറ്റ് ബ്യൂറോ പറഞ്ഞിട്ടില്ല. പാര്‍ട്ടി പിബി അംഗമായ സെക്രട്ടറി എംവി ഗോവിന്ദനും മറ്റൊരു പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും ഭംഗ്യന്തരേണ ലീഗിനെ മതേതര പാര്‍ട്ടിയായി അംഗീകരിക്കുകയാണ്. അപ്പോള്‍ സിപിഎമ്മിന് കേരളത്തില്‍ ഒരു നയവും അഖിലേന്ത്യാ തലത്തില്‍ മറ്റൊരു നയവും എന്ന നിലയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലീഗ് ക്ഷണിച്ചാല്‍ അവരുടെ സെമിനാറില്‍ പങ്കെടുക്കാം എന്ന എംവി ഗോവിന്ദന്‍റെ നിലപാട് വിളിച്ചില്ലെങ്കിലും സാരമില്ല, ഇലയെടുക്കാം എന്നതാണെന്നും സിപി ജോണ്‍ പരിഹസിച്ചു.

ABOUT THE AUTHOR

...view details