തിരുവനന്തപുരം:പുഞ്ചക്കരിയിലെ ഈ അമ്മയ്ക്കും മക്കൾക്കും ഇനി പട്ടിണി കിടക്കേണ്ടി വരില്ല. കുടുംബത്തിന്‍റെ ദുരവസ്ഥ പുറംലോകം അറിഞ്ഞതോടെ സഹായവുമായി നിരവധി പേരാണ് വരുന്നത്.
ജൂൺ 29നാണ് അതിജീവനം തേടിയുള്ള മൂന്ന് ജീവനുകളുടെ നെട്ടോട്ടത്തിന്‍റെ കഥ ഇടിവി ഭാരത് പുറത്തുവിട്ടത്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടും തന്‍റെ ചെറുമക്കളെ പ്രാണനെ പോലെ കൊണ്ടു നടക്കുന്ന സുധയുടെയും, അമ്മൂമ്മയെ അമ്മയായി കണ്ട് സ്നേഹിക്കുന്ന അഭിജിത്തിന്‍റെയും അമൃതയുടെയും കഥ ഉള്ളുലയ്ക്കുന്നതായിരുന്നു.
ഇടിവി വാർത്തയ്ക്ക് പിന്നാലെ ഈ അമ്മയ്ക്കും മക്കൾക്കും സഹായം വാർത്തയ്ക്ക് പിന്നിലെ കഥയും സഹായവും
വാർത്തയ്‌ക്ക് പിന്നാലെ സഹായവും ആശ്വാസവുമായി നിരവധി പേർ എത്തിയെന്ന് സുധ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങളും ധരിക്കാൻ വസ്ത്രങ്ങളും നിരവധി പേർ എത്തിച്ചു നൽകി. സ്വന്തം നാട്ടിൽ നിന്ന് മാത്രമല്ല, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും സഹായമെത്തി. പ്രവാസികളും സഹായിക്കാൻ തയ്യാറായി.
Read More:ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്
മൂന്നുപേരേയും ഏറ്റെടുക്കാമെന്നും വീട് വച്ച് നൽകാമെന്നും പറഞ്ഞുള്ള വിളികൾ എറണാകുളത്തും കണ്ണൂരില്‍ നിന്നുമെത്തി. എന്നാൽ ജനിച്ചുവളർന്ന നാടുവിട്ടു പോകാൻ മനസ് വരാത്ത സുധ സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു. രണ്ട് സെന്‍റ് വസ്തുവിൽ അടച്ചുറപ്പുള്ള ഒരു വീടാണ് സുധയുടെയും മക്കളുടെയും ഇനിയുള്ള ഏക ആഗ്രഹം. സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേമം മണ്ഡലത്തിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ശിവൻകുട്ടിയും അറിയിച്ചിട്ടുണ്ട്.
എന്നാൽ സഹായങ്ങൾക്കും പിന്തുണകൾക്കുമിടയിലും മുടങ്ങാതെ രാവിലെ ഏഴ് മണിക്ക് പുഞ്ചക്കരി ജങ്‌ഷനിൽ സുധ മീനുമായി എത്തുന്നുണ്ട്. എല്ലാവർക്കും തൊഴുകയ്യോടെ നന്ദി പറഞ്ഞു കൊണ്ട്.